ദുബായ് : സൗജന്യമായി വിദേശരാജ്യങ്ങളിൽ ഉള്ളവരുമായി കണ്ടു സംസാരിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ ടുടോക്ക് യുഎഇയിൽ തംരഗമാകുന്നു. മികച്ച വിഡിയോ ഓഡിയോ ക്വാളിറ്റിയാണ് ആപ്പ് നൽകുന്നത്. സൗജന്യമായതിനാൽ പെട്ടെന്ന് തന്നെ ആപ്പ് ഹിറ്റായി. കുറച്ച് കാലത്തേയ്ക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ടു ടോക്ക് അപ്രത്യക്ഷമായെങ്കിലും കഴിഞ്ഞദിവസം മുതൽ പ്ലേസ്റ്റോറിൽ വീണ്ടും ലഭ്യമായിത്തുടങ്ങി. എന്നാൽ ആപ്പിളിന്റെ സ്റ്റോറിൽ ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയില്ല. എന്നാൽ നേരത്തെ ഡൗൺലോഡ് ചെയ്തവർക്ക് ഉപയോഗിക്കുന്നതിനു തടസ്സമില്ല.
രണ്ടാഴ്ച മുൻപാണു ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ടുടോക്ക് അപ്രത്യക്ഷമായത്. ചാരപ്രവർത്തനത്തിനു ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ഇവ നീക്കം ചെയ്തത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ടുടോക്ക് വികസിപ്പിച്ച ജിയാക്കോമോ സിയാനിയും ലോങ് റുവാനും ആരോപിച്ചിരുന്നു. യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ പരിശോധനകളും അനുമതിയും കഴിഞ്ഞാണ് ആപ്പ് ലഭ്യമാക്കി തുടങ്ങിയതെന്നും അവർ വ്യക്തമാക്കി.
ഗൂഗിളിന്റെയും ആപ്പിളിന്റെ ഉദ്യോഗസ്ഥരെ ടുടോക്ക് ഓഫിസ് സന്ദർശിക്കാനും അവർ ക്ഷണിച്ചിരുന്നു. ഏറ്റവും സുരക്ഷിതമായാണ് ടുടോക്കിൽ ഡേറ്റാ കൈകാര്യം ചെയ്യുന്നതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ പ്രചാരണം സങ്കടകരമാണെന്നും യുഎഇക്കെതിരായ പ്രചാരണമാണിതെന്നും അവർ പറഞ്ഞു.
ഈകാൾ എന്ന ചൈനീസ് ആപ്പ് വികസിപ്പിച്ച ലോങ് റുവാനും ജിയാക്കോമോ സിയാനിയും ചേർന്നാണ് ടുടോക്ക് വികസിപ്പിച്ചത്. മൂന്നുവർഷമായി ജിയാക്കോമോ സിയാനി യുഎഇയിൽ പ്രവർത്തിക്കുകയായിരുന്നു. തുടർന്ന് ഇരുവരും അബുദാബിയിലെ ഫ്രീസോണിൽ സ്റ്റാർട്ടപ്പ് തുടങ്ങി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു ടുടോക്ക് ലഭ്യമാക്കി തുടങ്ങിയത്.
20 ആളുകളുമായി ഗ്രൂപ്പ് കോൾ, പതിനായിരം പേരുമായി ഗ്രൂപ്പ് ചാറ്റിങ് എന്നിവ ടുടോക്ക് വഴി നടത്താം. ലോകത്തു തന്നെ ഏറ്റവും വേഗത്തിൽ കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പുകളിൽ ഒന്നാണു ടുടോക്ക്.
Post Your Comments