വാഷിംഗ്ടണ്‍ : ഇറാന്‍- യുഎസ് സംഘര്‍ഷം അതിരു വിടുന്നു , ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത സൈബര്‍ യുദ്ധത്തിലേക്ക്.. ഈ പശ്ചാത്തലത്തില്‍ എല്ലാ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സിഐഎസ്എ) മുന്നറിയിപ്പ് നല്‍കി. റിഫൈനറികള്‍, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ ഇറാന്‍ ലക്ഷ്യം വച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു വര്‍ഷമായി യുഎസും ഇറാനും സൈബര്‍ രംഗത്ത് പരസ്പരം ആക്രമണം നടത്തുന്നുണ്ട്.
2010 ല്‍ ഇറാനിലെ നെയ്തന്‍സ് ആണവനിലയം തകര്‍ത്തത് സ്റ്റക്‌സ്‌നെറ്റ് (Stuxnet) എന്ന വൈറസായിരുന്നു. ഇറാന്റെ ആണവ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവത്തിനു പിന്നില്‍ യുഎസും ഇസ്രയേലുമായിരുന്നുവെന്നാണ് കരുതുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിനായി ഉപയോഗിച്ചിരുന്ന ആയിരത്തോളം സെന്‍ട്രിഫ്യൂജുകളാണു നശിപ്പിക്കപ്പെട്ടത്. ഇതിനു ശേഷമാണ് ഇറാന്‍ സൈബര്‍ സുരക്ഷാ രംഗത്ത് വന്‍ മുന്നേറ്റം നടത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ 30,000 കംപ്യൂട്ടറുകളാണ് 2012 ല്‍ ഇറാന്‍ തരിപ്പണമാക്കിയത്. ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളിലൊന്നാണിത്. 2012 ഓഗസ്റ്റ് 15ന് ഒരു ജീവനക്കാരനു ലഭിച്ച ഇമെയില്‍ വഴിയാണ് വൈറസ് കടന്നുകയറിയത്.
സ്‌ക്രീനുകള്‍ മിന്നിക്കൊണ്ടിരുന്നു, ഫയലുകള്‍ അപ്രത്യക്ഷമായി. ചില കംപ്യൂട്ടറുകള്‍ നിശ്ചലമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരാംകോയുടെ എല്ലാ ഓഫിസ് കംപ്യൂട്ടറുകളും ഡേറ്റാ സെന്ററുകളും ഇന്റര്‍നെറ്റില്‍ നിന്നു വിച്ഛേദിക്കപ്പെട്ടു. എണ്ണ നിറയ്ക്കാനെത്തിയ ആയിരക്കണക്കിനു ടാങ്കറുകള്‍ മടക്കിയയക്കേണ്ടിവന്നു. ഒടുവില്‍ 5 മാസത്തേക്ക് ടൈപ്പ്‌റൈറ്ററും ഫാക്‌സും ഉപയോഗിച്ചാണ് അരാംകോ പ്രവര്‍ത്തിച്ചത്. ശതകോടികളായിരുന്നു അന്നുണ്ടായ നഷ്ടം.
2013 ല്‍ ന്യൂയോര്‍ക്കിനു സമീപമുള്ള ഒരു അണക്കെട്ടിന്റെ നിയന്ത്രണ സംവിധാനത്തില്‍ ഇറാന്‍ ഹാക്കര്‍മാര്‍ കടന്നുകൂടിയിരുന്നു. യുഎസ് പവര്‍ ഗ്രിഡ് ശൃംഖലയില്‍ പത്തിലേറെ തവണ ഇറാന്‍ നുഴഞ്ഞുകയറിയതായാണ് റിപ്പോര്‍ട്ട്. ഇതിനു പുറമേ 2014 ല്‍ ലാസ് വേഗസിലെ സാന്‍ഡ്‌സ് എന്ന കസീനോയും ഇറാന്‍ തകര്‍ത്തിരുന്നു.
Post Your Comments