ട്വിറ്ററിലൂടെയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ ഭീഷണികൾക്ക് മറുപടിയുമായി ഇറാൻ സൈന്യം. അമേരിക്കയ്ക്ക് വാചകമടിക്കാൻ മാത്രമേ കഴിയൂ, യുദ്ധം ചെയ്യാൻ ധൈര്യമില്ലെന്നാണ് ഇപ്പോൾ ഇറാൻ സൈന്യം നൽകിയിരിക്കുന്ന മറുപടി. കഴിഞ്ഞ പത്ത് മണിക്കൂറിനിടെ 2 തവണ ട്രംപ് ഇറാനെതിരെ ഭീഷണി മുഴക്കിയിരുന്നു. അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയോ, പൗരൻമാർക്ക് നേരെയോ ആക്രമണം നടത്തിയാൽ തിരച്ചടി കനത്തതായിരിക്കും എന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവന. ഇതിനാണ് ഇപ്പോൾ ഇറാൻ സൈന്യം മറുപടി നൽകിയിരിക്കുന്നത്. ഇറാനുമായുള്ള ഏറ്റുമുട്ടലിന് യുഎസിന് ധൈര്യമില്ലെന്ന് ഇറാൻ സൈനിക തലവൻ മേജർ ജനറൽ അബ്ദുൽറഹീം മൗസവിയാണ് വ്യക്തമാക്കിയത്.
എന്നാൽ ‘കോട്ട് ധരിച്ച ഭീകരനാണ്’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപെന്ന് ഇറാൻ ഇൻഫർമേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി ആരോപിച്ചു. ട്വിറ്ററിലായിരുന്നു ഇറാൻ മന്ത്രിയുടെ പ്രതികരണം. ഇസ്‍ലാമിക് സ്റ്റേറ്റ്, ഹിറ്റ്ലർ, ജെങ്കിസ്ഖാന്റെ പടയാളികൾ എന്നിവരെല്ലാം സംസ്കാരത്തിന് എതിരായിരുന്നു. ട്രംപ് കോട്ടിട്ട ഭീകരനാണ്. ഇറാനെ പരാജയപ്പെടുത്താൻ ആര്‍ക്കും സാധിക്കില്ല. ചരിത്രം ട്രംപും ഉടൻ പഠിക്കുമെന്നും ഇറാൻ മന്ത്രി ട്വീറ്റ് ചെയ്തു. യുഎസ് സ്ഥാപനങ്ങളോ, പൗരന്മാരെയോ ഇറാൻ ആക്രമിച്ചാൽ കുറച്ച് പുതിയ ആയുധങ്ങൾ ഇറാനിലേക്ക് അയക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ടെന്നായിരുന്നു ട്രംപിന്റെ അവസാനത്തെ പ്രതികരണം. അതേസമയം ഇന്ത്യയിലെ യുഎസ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. യുഎസ് പൗരന്മാർക്കെതിരെ ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് യുഎസ് എംബസി അറിയിച്ചു.
Post Your Comments