Latest NewsHealth & Fitness

അടുക്കളത്തുണിയിലുള്ള ബാക്ടീരിയ : സുക്ഷിച്ചില്ലെങ്കില്‍ ഇതുമതി രോഗിയാക്കാന്‍

വീട്ടമ്മമാര്‍ക്ക് അടുക്കളത്തുണി നല്‍കുന്ന സഹായം കുറച്ചൊന്നുമല്ല.. അടുപ്പില്‍ നിന്ന് പാകമായ ചോറ് വാര്‍ക്കാനും…. കൈക്ക് പൊള്ളലേല്‍ക്കാതെ കറിയും മററ് ഭക്ഷണ സാധാനങ്ങള്‍ എന്തായാലും അടുപ്പ് പാതകത്തില്‍ നിന്ന് മാറ്റാനും ഈ അടുക്കളതുണിയുടെ സഹായം ആവശ്യമാണ്. അതുമാത്രമല്ല അഴുക്കായിക്കിടക്കുന്ന അടുക്കളയുടെ ഭാഗങ്ങള്‍ വൃത്തിയാക്കുന്നതിനും നമ്മള്‍ ഈ അടുക്കളത്തുണിയേയാണ് ആശ്രയിക്കാറുള്ളത്.

ചിലര്‍ ടവലുകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ പലപ്പോഴും ഉപയോഗിച്ച് പഴകിയ ഏതെങ്കിലും തുണിയായിരിക്കും അടുക്കളത്തുണിയാക്കുന്നത്. എന്നാല്‍ നമ്മള്‍ ഒരിക്കലും ശ്രദ്ധിക്കാത്ത ഒരു ദൂഷ്യവശം ഈ തുണികള്‍ക്കുണ്ട്.  അടുക്കളത്തുണികള്‍ നമ്മള്‍ അറിയാതെ നമ്മളെ രോഗിയാക്കാന്‍ ശേഷിയുള്ളവയാണ്. ഇവ രോഗാണുക്കളുടെ വാസസ്ഥലമാണ് എന്ന് പറയുന്നതിലും തെറ്റില്ല. അമേരിക്കന്‍ സൊസൈറ്റി ഓഫ് മൈക്രോബയോളജിയുടെ പഠനമാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. ഈ തുണികള്‍ക്ക് മള്‍ട്ടി പര്‍പ്പസാണ്. മേശ തുടയ്ക്കാനും, പാത്രം തുടയ്ക്കാനും, ചൂട് പാത്രങ്ങള്‍ അടുപ്പില്‍ നിന്നിറക്കി വെയ്ക്കാനും, ഇനി ഇപ്പോ കുറച്ച് വെള്ളം തൂകിയാല്‍ തുടയ്ക്കാനുമെല്ലാം ഇവ ഉപയോഗിക്കാറുണ്ട്.

മിക്കപ്പോഴും ഈര്‍പ്പം തങ്ങി നില്‍ക്കുന്നവയാണ് ഈ ടവലുകള്‍. ഇതില്‍ ഇ കോളി ബാക്ടീരിയയുടെ അളവ് ക്രമാതീതമാണ്. ഏറ്റവും മലിനമായ സാഹചര്യങ്ങളില്‍ കാണുന്ന ബാക്ടീരിയയാണ് ഇ കൊളി. ഇനി മാംസാഹാരം പാചകം ചെയ്യുന്ന അടുക്കളയിലെ തുണികളിലാണെങ്കില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം പതിന്മടങ്ങാണ്. ഭക്ഷ്യവിഷബാധ ഉള്‍പ്പെടെ മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് ഇവ കാരണമായേക്കാം. കഴിക്കുന്ന ആഹാരം, ടവലിലെ നനവും എണ്ണമയവും എന്നിങ്ങനെ അനവധി കാരണങ്ങളെ ആശ്രയിച്ചാണ് ഇതില്‍ അണുക്കള്‍ പെരുകുന്നത്.

ഇതിനുള്ള പരിഹാരം ഉപയോഗിച്ച ശേഷം കളയുന്ന ഡിസ്‌പോസിബിള്‍ ടവലുകള്‍ ഉപയോഗിക്കുക എന്നതാണ്. വീട്ടുചെലവ് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ഇതെന്ന ആശങ്ക മനസ്സിലുണ്ടെങ്കില്‍ അടുക്കളയിലെ തുണികള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കിയാലും മതി. വൃത്തിയായി കഴുകി വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്താല്‍ അടുക്കളത്തുണികള്‍ അണുവിമുക്തമായി സൂക്ഷിക്കാം. തുണികള്‍ മാത്രമല്ല, അടുക്കളയും പരിസരപ്രദേശങ്ങളും ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം. ആഹാരം പാകം ചെയ്യുന്നതിന് മുന്‍പും അതിന് ശേഷവും കൈകള്‍ വൃത്തിയായി കഴുകുന്നതും വളരെ നന്നായിരിക്കും.

shortlink

Post Your Comments


Back to top button