ഗാങ്‌ടോക്ക്: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഈസ്റ്റ് സിക്കിമിലെ നാഥുലയില്‍ കുടുങ്ങിയ 1500 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഇവരില്‍ 570 പേരെ കരസേനയുടെ ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷവും മരുന്നും വസ്ത്രങ്ങളും സൈന്യം എത്തിച്ച് നല്‍കി.
ഗാങ്ടോക്കില്‍ നിന്ന് 300 വാഹനങ്ങളിലായി പുറപ്പെട്ട 1500 വിനോദ സഞ്ചാരികളാണ് കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെ ജവഹര്‍ലാല്‍ നെഹ്രു റോഡില്‍ വിവിധയിടങ്ങളിലായി കുടുങ്ങിയത്. ശൈത്യകാലമായതിനാൽ കനത്ത മഞ്ഞ് വീഴ്ചയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മഞ്ഞ് വീണ് റോഡുകൾ ഗതാഗതയോഗ്യമല്ലാതായി. ഇതോടെയാണ് വിനോദ സഞ്ചാരികൾ ഒറ്റപ്പെട്ടത്.
ബുള്‍ഡോസറുകൾ എത്തിച്ച് റോഡിലെ മഞ്ഞ് നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമവും സൈന്യം നടത്തുന്നുണ്ട്. പ്രദേശത്ത് കുടുങ്ങിയവരെയെല്ലാം സുരക്ഷിത സ്ഥാനത്ത് എത്തിച്ചതിന് ശേഷമേ രക്ഷാപ്രവര്‍ത്തന ദൗത്യം അവസാനിപ്പിക്കുകയുള്ളൂ എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Post Your Comments