തിരുവനന്തപുരം : സ്ഥലവും തിയതിയും സമയവും തീരുമാനിക്കൂ… ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെ പരസ്യമായി വെല്ലുവിളിച്ച് ഹരീഷ് വാസുദേവന്‍.
പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആഹ്വാനത്തിനെതിരെയാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയിരിക്കുന്നത്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും രാജ്ഭവനില്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ചില യോഗങ്ങളില്‍ പറയുന്നു, CAA /NRC സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറാണ് എന്ന്. എന്തുകൊണ്ട് അതാരും ഏറ്റെടുക്കുന്നില്ല എന്നു പലരും ചോദിക്കുന്നു. സ്വാഗതാര്‍ഹമായ കാര്യമല്ലേ?
ഗവര്‍ണര്‍ സാര്‍, ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്. 2020 ല്‍ ആവാം. സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ. CAA എന്തുകൊണ്ട് അനീതിയാണ് എന്നു ഞാന്‍ പറയാം. അല്ലെന്ന് നിങ്ങളും പറയണം. കേള്‍ക്കുന്ന ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കട്ടെ.
അപ്പൊ സൗകര്യമായ സമയം അറിയിക്കുമല്ലോ.’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇക്കാര്യം രാജ്ഭവനിലേക്ക് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും, ഗവര്‍ണര്‍ തീരുമാനിക്കട്ടെയെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധ സ്വരമുയര്‍ത്തിയതോടെ ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു.
Post Your Comments