ഒരു വർഷം കൂടി വിടപറയുകയാണ്. 2019 ൽ രാഷ്ട്രീയ കേരളം സംഭവബഹുലമായ നിരവധി മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വർഷാവസാനം എത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ രണ്ട് പ്രധാന മുന്നണികൾ ഒന്നിച്ച് സമര രംഗത്ത് ഇറങ്ങിയതടക്കം ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന സംഭവങ്ങൾ നിരവധിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തകർപ്പൻ വിജയം തന്നെയാണ് രാഷ്ട്രീയമായി കേരളം ഏറെ ചർച്ച ചെയ്ത 2019 ലെ സംഭവം. ഭരണപക്ഷമായ എൽഡിഎഫിന് 2019 ലോക് സഭ ഫലം വലിയ തിരിച്ചടി ആയിരുന്നു എന്നതിൽ സംശയമില്ല. രാഹുൽ തരംഗവും, മോഡി വിരുദ്ധതയും യുഡിഎഫിനെ സഹായിച്ചപ്പോൾ പലരും ജയിച്ച് കയറിയത് റെക്കോർഡ് ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും ഞെട്ടിക്കുന്ന വിജയം നേടി ഐക്യ ജനാധിപത്യ മുന്നണി നേടിയത് 19 സീറ്റുകൾ. ഇടതിന്‍റെ മാനം കാത്തത് ചെറിയ ഭൂരിപക്ഷത്തിന് മാത്രം ആലപ്പുഴയിൽ നിന്ന് ജയിച്ച് കയറിയ എഎം ആരിഫാണ്.
ശബരിമല അടക്കം സർക്കാരിന് തിരിച്ചടിയായെന്ന് വിലയിരുത്തലുകൾ വന്നെങ്കിലും കേരളം ചിന്തിച്ചത് കേന്ദ്രത്തിന് എതിരായാണെന്നാണ് ഫലം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്. ബിജെപിക്കും പ്രതീക്ഷിച്ച വോട്ട് പല മണ്ഡലങ്ങളിലും ലഭിച്ചില്ലന്നത് ഇത് വ്യക്തമാക്കുന്നു. പാലക്കാടും, ആലത്തൂരും, ആറ്റിങ്ങലും പോലുള്ള ഇടതു കോട്ടകൾ യുഡിഎഫ് പിടിച്ചടക്കി. സ്ഥാനാർത്ഥികൾ പോലും വിചാരിക്കാത്ത ഭൂരിപക്ഷം നൽകി ജനം പലരെയും വിജയിപ്പിച്ചു. കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകി വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിയെ വിജയപ്പിച്ചു. ആലത്തൂരിലെ രമ്യാ ഹരിദാസിന്‍റെ വിജയവും രാഷ്ട്രീയ കേരളം ആഘോഷിച്ച ഫലമാണ്. പെങ്ങളൂട്ടി പ്രതിച്ഛായ സൃഷ്ടിച്ച് ഇടതു കോട്ടയായ ആലത്തൂരിൽ രമ്യ നേടിയത് ഒന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം.
എന്നാൽ ലോക് സഭ തിരഞ്ഞെടുപ്പ് നടന്ന് മാസങ്ങൾക്ക് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പ് കേരളത്തിന്‍റെ രാഷ്ട്രീയ അസ്ഥിരത പ്രകടമാക്കുന്നതായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയത്തിന്‍റെ പാരമ്യത്തിൽ എത്തിച്ച അതേ ജനം ഉപതിരഞ്ഞെടുപ്പിൽ മുന്നണിയെ കൈവിട്ടു. യുഡിഎഫി ന്‍റെ രണ്ട് സിറ്റിംഗ് സീറ്റുകൾ ഇടതു മുന്നണി പിടിച്ചെടുത്തു. അതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിൽ പാല കൈവിട്ടതിന് പിന്നാലെ ലഭിച്ച വലിയ പ്രഹരമായി മാറി ഈ തിരിച്ചടി യുഡിഎഫിന്. വി കെ പ്രശാന്തിലൂടെ വട്ടിയൂർക്കാവ് പിടിച്ചെടുത്ത് എൽഡിഎഫ് യുഡിഎഫിനും ബിജെപിക്കും ഒരു പോലെ മറുപടി നൽകി. ആറു ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും കേരളത്തിലെ ബിജെപി ക്ക് നൽകിയത് തിരിച്ചടി മാത്രമാണ്. അവരുടെ വോട്ട് ശതമാനം കുറഞ്ഞു. മാസങ്ങൾക്ക് മുമ്പ് മാത്രം നടന്ന ലോക് സഭ തിരഞ്ഞെുപ്പിൽ അവർ നേടിയുടത്ത മേൽക്കൈ ഉപതിരഞ്ഞെടുപ്പിൽ നിലനിർത്താനായില്ല. സീറ്റിനായി നേതാക്കൾ തല്ലു കൂടിയ മണ്ഡലങ്ങളിൽ പോലും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. ആറു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ തൊട്ടുമുൻപു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ ബിജെപി നയിക്കുന്ന എൻഡിയ്ക്ക് ആകെ നഷ്ടപ്പെട്ടത് 51,844 വോട്ട്.
വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ചുവടു മാറ്റവും കേരളം ശ്രദ്ധിച്ച മറ്റൊരു പ്രധാന സംഭവ വികാസമാണ്. മോഡി സ്തുതി നിർത്തി പിണറായിയെ പിന്തുണക്കാൻ വെള്ളാപ്പള്ളി തുടങ്ങിയതും 2019 തിലാണ്. എന്നാൽ അദേഹം മുൻകൈയ്യെടുത്ത് രൂപികരിച്ച ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടി എൻഡിഎ യുടെ ഭാഗമായി തുടർന്നു എന്നതും മറ്റൊരു കൗതുകം. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും യുഡിഎഫിനും ലോക് സഭാ തിരഞ്ഞെടുപ്പ് വച്ച് നോക്കുമ്പോൾ തിരിച്ചടി നേരിട്ടു. സംസ്ഥാന സർക്കാരിൽ പിണറായി വിജയൻ കൂടുതൽ ശക്താനാകുന്നതാണ് ഈ വർഷവും കണ്ടത്. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെന്ന നിലയിൽ രാജ്യത്തും അദേഹം ശ്രദ്ധേയനായി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിണറായി വിദേശ രാജ്യത്ത് ചികിത്സ തേടിയതും വാർത്തായായി. പാർട്ടി സെക്രട്ടറിയെയും ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയ വർഷമാണ് കടന്നു പോകുന്നത്. ഒരു മാസം ചികത്സയ്ക്കായി അദേഹത്തിന് ചിലവഴിക്കേണ്ടി വന്നു. പ്രതിപക്ഷമെന്ന നിലയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവർത്തനങ്ങൾ ഒന്നും തന്നെ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്ന് തന്നെ പറയേണ്ടി വരും.
കേരള രാഷ്ട്രീയത്തിലെ അതികായൻ കെ എം മാണി വിടപറഞ്ഞതും 2019 തിലാണ്. പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയുമായി. 13 തവണ ബജറ്റ് അവതരിപ്പിച്ചും മാണി റെക്കോർഡ് ഇട്ടു. യുഡിഎഫ് ന്‍റെ ഉറച്ച കോട്ടയായി പാല മണ്ഡലത്തെ നിലനിർത്തിയ മാണി ഐക്യ ജനാധിപത്യ മുന്നണിയിലെ പ്രധാനപ്പെട്ട മൂന്ന് നേതാക്കളിൽ ഒരാളുമായിരുന്നു. ബാർ കോഴ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയെങ്കിലും പലാക്കാർ അദേഹത്തെ കൈവിട്ടില്ല. അദേഹത്തിന്‍റെ മരണ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മണ്ഡലം യുഡിഎഫിന് കൈവിട്ട് പോകുകയും ചെയ്തു. കെ എം മാണിക്ക് പകരം കെ എം മാണി മാത്രമെന്ന കാര്യം അദേഹത്തിന്‍റെ മരണ ശേഷവും ഉറപ്പിച്ച സംഭവമായി മാറി പാലാ ഉപതിരഞ്ഞെടുപ്പ് ഫലം.
വർഷാവസാനം ഉണ്ടായ മറ്റൊരു മരണം തോമസ് ചാണ്ടിയുടേതാണ്. 2006 മുതൽ തുടർച്ചയായി കുട്ടനാട് എംഎൽഎ ആയിരുന്നു. പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയുമായി. കായൽ കയ്യേറിയെന്ന ആരോപണത്തെ തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും അദേഹത്തിന് രാജി വച്ച് പുറത്ത് പോകേണ്ടി വന്നു.
മൂന്ന് പാർട്ടികൾക്കും ചിരിക്കാനും കരയാനും ഉള്ള ഓർമകൾ സമ്മാനിച്ചാണ് 2019 യാത്രയാകുന്നത്. വർഷാവസാനത്തെ ചിരി എൽഡിഎഫി ന്‍റേത് തന്നെ. എന്നാൽ സർക്കാരിനെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങൾ ഇടതു മുന്നണിക്ക് തലവേദന തന്നെയാണ്. സംസ്ഥാനത്തിന്‍റെ ആശ്വാസകരമല്ലാത്ത സാമ്പത്തിക സ്ഥിതിയും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. ബന്ധു നിയമന ആരോപണങ്ങളും, പിഎസ്സി പരീക്ഷാ തട്ടിപ്പും, പന്തീരാങ്കാവിലെ യുഎപിഎ കേസും, മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടൽ കൊല അടക്കമുള്ളവ ഈ വർഷം സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച സംഭവങ്ങളാണ്. ഭരണത്തിന്‍റെ അവസാന വർഷത്തിലേയ്ക്ക് കടക്കുന്ന സർക്കാരിന് ഇനിയുള്ള നാളുകൾ നിർണായകമാകും. വർഗീയതയുടെ രാഷ്ട്രീയത്തിന് കേരളത്തിന്‍റെ മണ്ണിൽ സ്ഥാനമില്ലെന്ന് മലയാളികൾ ഒരിക്കൽ കൂടി തെളിയച്ച വർഷമാണ് കടന്നു പോകുന്നത്. ഇത്തവണ ശബരിമല സീസൺ സമാധാനപരമായിരുന്നു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. 2018 ൽ കേരളം കണ്ട ഏറ്റവു വലിയ വിവാദമായിരുന്നു ശബരിമല വിഷയം. കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും ഉയർന്ന പ്രതിഷേധത്തിന് കേരളവും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ സംസ്ഥാനമായി കേരളം മാറി. ഭരണ പ്രതിപക്ഷ മുന്നണികൾ ഒന്നിച്ച് സമര രംഗത്തിറങ്ങി. നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ അവസാന വർഷമെന്ന നിലയിൽ നിരവധി രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വർഷമായിരിക്കും 2020 എന്നത് ഉറപ്പ്.
Post Your Comments