ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി ഷാജിമോന്‍ (50) മരിച്ച സംഭവത്തിലാണ് അന്വേഷണം. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അനാസ്ഥ കണ്ടെത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. ശ്വാസംമുട്ടല്‍ കൂടുതലായതിനാല്‍ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഓക്സിജന്‍ മാസ്ക് ഘടിപ്പിച്ചാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഡോക്ടര്‍ എത്തി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. സ്ട്രെച്ചറില്‍ കിടത്തിയശേഷം ഓക്സിജൻ സിലിണ്ടർ ഘടപ്പിച്ചു. എന്നാല്‍, ഓക്സിജന്‍ ലഭിക്കാതെ രോഗി അസ്വസ്ഥത പ്രകടിപ്പിക്കുകയും നില കൂടുതല്‍ വഷളാകുകയും ചെയ്തതിനെത്തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കലും ജീവൻ രക്ഷിക്കാനായില്ല.
പരാതി നല്‍കിയാല്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മൃതദേഹം വിട്ടുനല്‍കൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നതിനാൽ പരാതിയില്ലെന്നു അറിയിച്ച് ബന്ധുക്കള്‍ മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ട് പോയി. തുടര്‍ന്ന് സംസ്‌കാരച്ചടങ്ങിനുശേഷം അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
Post Your Comments