തിരുവനന്തപുരം∙ പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി ആർഎസ്പി നേതാവും മുൻമന്ത്രിയുമായ ഷിബു ബേബി ജോൺ. കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കുവാൻ ജയിൽ വിവരങ്ങൾ ചോദിച്ച് കേന്ദ്ര സർക്കാർ അയച്ച സന്ദേശം 2019 ജനുവരി മാസത്തിൽ പിണറായി സർക്കാരിന് കിട്ടിയെന്ന വിവരങ്ങൾ പുറത്തുവന്നു, എന്നിട്ട് ഈ വിഷയം എന്തു കൊണ്ട് പിണറായി സർക്കാർ പൊതുസമൂഹത്തിൽ നിന്ന് മറച്ചുവച്ചുവെന്ന് ഷിബു ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖിനെയും സഹപ്രവർത്തകരെയും പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സമരം ചെയ്‌തതിനു ജയിലിൽ അടച്ചതിനെ വിമർശിച്ച അദ്ദേഹം കേരളം ഭരിക്കുന്നതു ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൊലീസ് ആണോയെന്നും ചോദിച്ചു. ഒരുവശത്തു ഒന്നിച്ചു സമരം ചെയ്യാമെന്ന് പറയുക, മറുവശത്തു നടപടികളിൽ തികഞ്ഞ മോദി ഭക്തി കാണിക്കുകയുമാണ് പിണറായിയെന്നും ഷിബു ആരോപിച്ചു.
പോക്കറ്റടിക്കാരൻ വേഷം മാറി പൊലീസ് ആയതുപോലെ ആണ് പൗരത്വ ഭേദഗതി നിയമത്തിൽ പിണറായിയുടെ നടപടികളെന്നും ഷിബു ഫെയ്സ്ബുക്കിൽ കുറിച്ചു. പൗരത്വ ഭേദഗതി നിയമം ആകുന്നതിന് മുൻപ് ഈ നിയമം നടപ്പാക്കരുത് എന്നൊരു വാക്ക് പോലും പിണറായി പറഞ്ഞില്ലെന്നും ഷിബു പറഞ്ഞു.
ജനങ്ങളെ വിഭജിച്ച് രാജ്യത്തിന്റെ സാമ്പത്തിക തളർച്ചയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്ന മോദിയും, ഭരണ പരാജയങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്ന പിണറായിയും, ഇതാണ് ഇന്നത്തെ ദേശീയ സംസ്ഥാന രാഷ്ട്രീയം. എന്തായാലും പൊതുസമൂഹത്തിന് ഇത് മനസ്സിലാക്കാനുള്ള കഴിവുണ്ട്, ജാർഖണ്ഡിൽ ഇന്നലെ നാം കണ്ടതും ജനം ഇത് മനസിലാക്കി പ്രതികരിച്ചു തുടങ്ങിയതിന്റെ തെളിവ് ആണെന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.
https://www.facebook.com/shibu.babyjohn.16/posts/1598878296918562
Post Your Comments