KeralaLatest NewsNews

കൃഷിനാശം വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാം : സര്‍ക്കാര്‍ ഉത്തരവ് ഇങ്ങനെ

കോന്നി : കൃഷിനാശം വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ കര്‍ഷകര്‍ക്കും വെടിവച്ചു കൊല്ലാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇതിനുള്ള അധികാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറിലേക്ക് എത്തിയതോടെയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമായത്. കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാന്‍ ഒട്ടേറെ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

നടപടിക്രമങ്ങള്‍ ഇങ്ങനെ:

മൃഗങ്ങളെ കൊല്ലാന്‍ മതിയായ പരിശീലനം ലഭിച്ച വനംവകുപ്പ്, പൊലീസ്, യൂണിഫോം സര്‍വീസിലുള്ളവരെ ഡിഎഫ്ഒ നിയമിക്കണം. ഇത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിക്കണം.

ലൈസന്‍സ് ഉള്ള തോക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. റേഞ്ച് ഓഫിസറുടെ നേരിട്ടുള്ള നേതൃത്വത്തില്‍ വാച്ചര്‍മാര്‍, വിഎസ്എസ്(വനസംരക്ഷണ സമിതി) ഉദ്യോഗസ്ഥര്‍, മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ വെടിവയ്ക്കാന്‍ പരിശീലനം നേടിയവരെ ഉപയോഗിക്കാം.

വെടിവയ്ക്കുന്ന സമയത്ത് പൊതുജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിക്കണം. കൃത്യ നിര്‍വഹണം നടക്കുമ്പോള്‍ ജനപ്രതിനിധികള്‍ ഉണ്ടായിരിക്കണം.

കാട്ടില്‍ വച്ചോ കാട്ടിലേക്കു മടങ്ങുന്നതോ ആയ മൃഗങ്ങളെ വെടി വയ്ക്കാന്‍ പാടില്ല.

വെടിയേറ്റവയുടെ ജഡം കണ്ടെത്തി മഹസര്‍ തയാറാക്കി, പോസ്റ്റ് മോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കണം. കമ്മിറ്റിയംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ച് 5 അടി ആഴമുള്ള കുഴിയില്‍ മറവ് ചെയ്യണം.

പന്നിയെ കൊന്നാല്‍ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സംഭവം വിശകലനം ചെയ്യണം. പന്നി അവിടെ എത്താനുള്ള സാഹചര്യം, ഇനിയും ഇവിടെ പന്നി വരാതിരിക്കാനുള്ള നടപടി സ്വീകരിക്കണം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button