ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കാമ്പസില്‍ കയറാന്‍ പോലീസിന് അനുമതി നല്കിയ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്സൂറിനെയും രജിസ്ട്രാര്‍ എസ്. അബ്ദുള്‍ ഹമീദിനെയും പുറത്താക്കിയെന്ന പ്രഖ്യാപനവുമായി പ്രക്ഷോഭക്കാർ. അലിഗഡില്‍ ഞായറാഴ്ച ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചതിനു പിന്നാലെയാണു വിസിയേയും രജിസ്ട്രാറിനെയും പുറത്താക്കിയെന്ന പ്രസ്താവന വരുന്നത്.
വിസിയും രജിസ്ട്രാറും കാന്പസ് വിട്ടു പോകുന്നത് വരെ ഉപരോധം തുടരുമെന്നാണ് കൂട്ടായ്മ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.അവധിക്കുശേഷം സര്‍വകലാശാല തുറക്കുമ്പോള്‍ 2020 ജനുവരി അഞ്ചിനു മുന്‍പായി വൈസ് ചാന്‍സലറുടെ വസതിയില്‍നിന്നു തന്നെ ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പ്രസ്താവനയില്‍ പറയുന്നു. ജനുവരി അഞ്ചിനു മുമ്പായി ഔദ്യോഗിക താമസമടക്കം ഒഴിഞ്ഞില്ലെങ്കില്‍ ബഹിഷ്കരണമടക്കമുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്നും കാമ്പസില്‍ ഒരു പ്രവൃത്തിയും നടക്കില്ലെന്നും ഇരുവര്‍ക്കും അയച്ച നോട്ടീസില്‍ കൂട്ടായ്മ വ്യക്തമാക്കി.
മുന്‍ വൈസ് ചാന്‍സലര്‍, മുന്‍ രജിസ്ട്രാര്‍ എന്നിങ്ങനെ വിശേഷിപ്പിച്ചാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്. സര്‍വകലാശാലക്കുള്ളില്‍ കയറി പൊലീസ് അതിക്രമത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ഒരുകൂട്ടം വിദ്യാർത്ഥികളും അധ്യാപകരും രംഗത്തുവരുകയായിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭത്തിന് തുടക്കമിട്ടത് അലീഗഢ് വിദ്യാര്‍ഥികളായിരുന്നു.
Post Your Comments