ന്യൂഡല്‍ഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി രാംലീല മൈതാനത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. തൊഴിലില്ലായ്മയിലും സാമ്പത്തിക തകര്‍ച്ചയിലും യുവാക്കള്‍ക്കുള്ള അമര്‍ഷം താങ്ങാന്‍ അവര്‍ക്കാകില്ല.
നമ്മുടെ രാജ്യത്തെ വിഭജിക്കുന്നതിനും വെറുപ്പിനു പിന്നില്‍ ഒളിക്കുന്നതിനും കാരണമിതാണ്. ഓരോ ഇന്ത്യക്കാരനോടും സ്നേഹം പ്രകടിപ്പിച്ചു മാത്രമെ ഇവരെ പരാജയപ്പെടുത്താന്‍ സാധിക്കൂവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.മോദിയുടെ റാലിയെ തുടര്‍ന്ന് മാറ്റിവച്ച കോണ്‍ഗ്രസിന്റെ ധര്‍ണ നാളെ രാജ്ഘട്ടില്‍ നടക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് ധര്‍ണ നടത്തുമെന്നാണ് കോണ്‍ഗ്രസ് ആദ്യം അറിയിച്ചത്.
എന്നാല്‍ മോദിയുടെ റാലി നടക്കുന്നതിനാല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു.അതേസമയം, ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ മോദി കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ചു. പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി അവശ ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്. ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുക സര്‍ക്കാര്‍ ലക്ഷ്യമല്ല.
നിയമം പാസ്സാക്കിയ പാര്‍ലമെന്റിനെ ആദരിക്കണം. പ്രതിഷേധിക്കുന്നവര്‍ വേണമെങ്കില്‍ തന്റെ കോലം കത്തിച്ചോളൂ. പൊതു മുതല്‍ നശിപ്പിക്കുന്നതെന്തിനാണ്. നിയമം പാസ്സാക്കിയ പാര്‍ലമെന്റിനെ ആദരിക്കണമെന്നും മോദി പറഞ്ഞു. ബിജെപി ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച വിശാല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുസ്ലിം സഹോദരങ്ങളെ ചിലര്‍ കബളിപ്പിക്കുകയാണ്. ചില രാഷ്ട്രീയപാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുകയാണ്. പ്രകോപനപരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. നുണ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം. കള്ളപ്രചാരണങ്ങള്‍ വിലപ്പോകില്ല. ചില രാഷ്ട്രീയപാര്‍ട്ടികള്‍ അക്രമത്തിന് പ്രേരണ നല്‍കുകയാണെന്നും മോദി ആരോപിച്ചു. പൗരത്വ ഭേദഗതിയിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ചിലര്‍ കള്ളപ്രചരണം നടത്തുകയാണ്.
പ്രതിഷേധക്കാര്‍ നഗരമാവോയിസ്റ്റുകളാണ്. തടങ്കല്‍ പാളയങ്ങളുണ്ടാക്കുമെന്ന് നുണ പ്രചാരണം നടത്തുന്നു. കോണ്‍ഗ്രസുകാരും അര്‍ബന്‍ മാവോയിസ്റ്റുകളുമാണ് കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍. പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുള്ളവരുടെ താല്‍പ്പര്യം രാജ്യം തിരിച്ചറിഞ്ഞു. പ്രതിപക്ഷം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയാണ്. മോദിയെ വെറുത്തോളൂ, പക്ഷെ ഇന്ത്യയെ വെറുക്കരുതെന്നും മോദി പറഞ്ഞു.
Post Your Comments