പാറ്റ്‌ന: ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍-യു നേതാവ് കൂടിയായ നിതീഷ് കുമാര്‍. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ‘ഇത് എന്തിന് ബിഹാറില്‍ നടപ്പിലാക്കണം?’ എന്നായിരുന്നു നിതീഷ് കുമാറിന്റെ മറുചോദ്യം. തിരഞ്ഞെടുപ്പിൽ ബിഹാറിൽ തന്‍റെ പാർട്ടിക്ക് തിരിച്ചടി ലഭിക്കുമോ എന്ന പേടിയാണ് നിതീഷിന്‍റെ നിലപാട് മാറ്റത്തിന് കാരണം. നിതീഷിന്‍റെ പാർട്ടി കൂടി ഭാഗമായ മോഡി സർക്കാർ രാജ്യ വ്യാപകമായി പട്ടിക നടപ്പിലാക്കുമെന്ന് പറയുമ്പോഴാണ് ബിഹാർ മുഖ്യമന്ത്രിയുടെ വ്യത്യസ്ത നിലപാട്. എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പറയുന്ന ആദ്യത്തെ മുഖ്യമന്ത്രി കൂടിയാണ് നിതീഷ് കുമാർ.
ആദ്യം എന്‍.ആര്‍.സിക്കും പൗരത്വ നിയമ ഭേദഗതിക്കും അനുകൂലമായ നിലപാടാണ് ബിഹാര്‍ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. രാജ്യ വ്യാപകമായി ശക്തമാകുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് നിതീഷിന്‍റെ പുതിയ നിലപാട്. ബിഹാറില്‍ ജെഡിയു വിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന പ്രശാന്ത് കിഷോര്‍ രാജി ഭീഷണി മുഴക്കിയതും നിതീഷിന്‍റെ നിലപാട് മാറ്റത്തെ സ്വാധീനച്ച ഘടകമാണ്. നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ച്ചയില്‍ എന്‍.ആര്‍.സിയും പൗരത്വ ഭേദഗതി നിയമവും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രശാന്ത് അറിയിച്ചിരുന്നു.
Leave a Comment