ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ജനന രേഖകളും പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനന സമയം, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ മതിയാകും. ഇന്ത്യൻ പൗരന്മാർ അവരുടെ പഴയ തലമുറയിൽപെട്ടവരുടെ തിരിച്ചറിയൽ കാർഡുകൾ, ജനന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതില്ല. സ്വന്തമായി ഒരു രേഖയും കൈവശമില്ലാത്ത നിരക്ഷരരായ ആള്‍ക്കാർക്കു സാക്ഷികളെയും പ്രാദേശികമായ തെളിവുകളും ഹാജരാക്കാൻ അധികൃതർ തയാറാകണമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പ്രതികരിച്ചു. ഒരു പൗരനെ പോലും ഇതിന്റെ പേരിൽ ബുദ്ധിമുട്ടിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാർ ഒരു കാർ കത്തിക്കുകയും ചെയ്തു. ജലപീരങ്കി പ്രയോഗിച്ചു പൊലീസ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഡൽഹി ജുമാ മസ്ജിദിൽ നിന്നും ആരംഭിച്ച പ്രതിഷേധമാണ് അക്രമാസക്തമായത്. അതേ സമയം പൗരത്വ നിയമം പാവപ്പെട്ടവർക്കെതിരയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ദിവസവേതനക്കാരെയാണ് ഇത് ബാധിക്കുന്നതെന്നും അവർ എന്തു ചെയ്യുമെന്നും പ്രിയങ്ക ചോദിച്ചു. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു.
Post Your Comments