ലക്നോ: പൗരത്വഭേദഗതി നിയമത്തിനെതിരെ ലക്നോവില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . പ്രതിഷേധത്തിനിടെ പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുസൈനാബാദ് സ്വദേശിയായ മുഹമ്മദ് വഖീല്‍ മരിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളോ ഔദ്യോഗികമായോ ഇത് സ്ഥിരീകരിച്ചിട്ടില്ല. വെടിവെപ്പിലാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലക്‌നൗ ട്രോമാ സെന്റര്‍ അറിയിച്ചു.
ലക്‌നൗവില്‍ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. നേരത്തെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ലക്‌നൗ നഗരത്തിലെ ഓള്‍ഡ്‌സിറ്റി മേഖലയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്.ലക്നൗവിലെ ഖദ്രയില്‍ പ്രക്ഷോഭകാരികള്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് തീയിട്ടു. നിരവധി പൊലീസ് വാഹനങ്ങളും കത്തിച്ചു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
സാംബലില്‍ സര്‍ക്കാര്‍ ബസുകള്‍ സമരക്കാര്‍ അഗ്നിക്കിരയാക്കി. മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെയും സമരാനുകൂലികള്‍ കൈയേറ്റം ചെയ്തു. സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങിയവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കഴിഞ്ഞ രാത്രിമുതല്‍ സംംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി.സിംഗ് രംഗത്തെത്തിയിട്ടുണ്ട്.
പോലീസിന്റെ ഭാഗത്തുനിന്ന് വെടിവയ്പ് ഉണ്ടായിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു. പ്രതിഷേധക്കാരില്‍ 55 പേരെ അറസ്റ്റ് ചെയ്തു. നഗരത്തില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Post Your Comments