ന്യൂയോർക്ക്: അവസാനം അത് സംഭവിച്ചു. ഏറെക്കാലമായി അമേരിക്കയിൽ നിന്ന് കേട്ട് കൊണ്ടിരുന്ന ഇംപീച്ച് മെന്‍റ് നടപ്പിലായി. ഡൊണാൾഡ് ട്രംപ് യുഎസ് ജനപ്രതിനിധി സഭയിൽ ഇംപീച്ച് ചെയ്യപ്പെട്ടു. ഇന്ത്യയിലെ ലോകസഭ പോലെയാണ് അമേരിക്കയിലെ ജനപ്രതിനിധി സഭ. ജനപ്രതിനിധി സഭയിൽ ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമില്ല. അമേരിക്കയിലെ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ട്രംപിനെ ഇംപീച്ച് ചെയ്ത നടപടിയിൽ വലിയ അതിശയം ഒന്നുമില്ല. ട്രംപ് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
എന്നാൽ ശ്രദ്ധിക്കേണ്ടത് ട്രംപിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളാണ്. ഡെമോക്രാറ്റിക് നേതാവായ ജോ ബൈഡനെതിരെ യുക്രെയിനിൽ കേസന്വേഷണത്തിന് ട്രംപ് യുക്രൈൻ പ്രസിഡിന്‍റിന് മേൽ സമ്മർദ്ദം ചെലുത്തി എന്ന ആരോപണം ഗുരതരമാണ്. 2020 തിൽ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ട്രംപിന്‍റെ എതിരാളിയാകുമെന്ന് കരുതുന്ന ജോ ബൈഡനെതിരെ ട്രംപ് അധികാരം ഉപയോഗിച്ച് നടത്തിയ നീക്കം അമേരിക്കൻ നിയമങ്ങൾ പ്രകാരം വലിയ കുറ്റമാണ്. നമ്മുടെ രാജ്യത്തും ഇത്തരം നീക്കങ്ങൾ അധികാരത്തിലിരിക്കുന്ന നേതാക്കൾ നടത്തുന്നത് സ്ഥിരമാണ്. എന്നാൽ അമേരിക്കയിൽ രാഷ്ട്രീയ എതിരാളികൾക്ക് എതിരെ അധികാരം ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങൾ ഗൗരവകരമായി കണക്കാക്കും. അതുകൊണ്ടാണ് ഇംപീച്ചമെന്‍റ് പോലുള്ള കടുത്ത നടപടികളിലേയ്ക്ക് ജനപ്രതിനിധി സഭ നീങ്ങിയത്. ട്രംപ് അധികാര ദുർവിനയോഗം നടത്തി എന്ന പരാതി നൽകിയത് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ തന്നെയാണ്. നമ്മുടെ രാജ്യത്ത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം.
ട്രംപ് ചെയ്തത് തെറ്റാണെങ്കിലും ഉപരി സഭയായ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ ട്രംപിന് പേടിക്കേണ്ടതില്ല. 100 അംഗ സെനറ്റില്‍ ഡെമോക്രാറ്റുകളുടെ അംഗബലം 47 ആണ്. പ്രമേയം പാസാവാന്‍ 67 പേരുടെ പിന്തുണവേണം. ഇംപീച്ച് മെന്‍റ് പ്രമേയം പരാജയപ്പെടും. എന്നാൽ അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ട്രംപിന് ഇത് വലിയ തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. അതു തന്നെയാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യവും. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഒബാമ പ്രസിഡന്‍റ് ആയിരുന്നപ്പോൾ അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് ആയിരുന്നു ജോ ബൈഡൻ. അഭിപ്രായ സർവേകളിൽ ഇംപീച്ച് മെന്‍റ് നടപടികളെ പിന്‍ന്തുണയ്ക്കുന്നവരും എതിർക്കുന്നവരും തമ്മിൽ വലിയ വ്യത്യാസവുമില്ല. ഏതായാലും അടുത്ത അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് തീപാറുന്ന പോരാട്ടമായിരുക്കുമെന്ന് ഉറപ്പ്. പ്രത്യേകിച്ച് ട്രംപിനെ പോലെയുള്ള ഒരാൾ വീണ്ടും പ്രസിഡന്‍റ് ആകാൻ മത്സരിക്കുന്ന തെരഞ്ഞെടുപ്പാകുമ്പോൾ.
Post Your Comments