പ്രയാഗ്‌രാജ്: അയോധ്യയിലെ തര്‍ക്കഭൂമിയിലെ രാമക്ഷേത്ര നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കാനുള്ള നിര്‍ദിഷ്‌ട സമിതിയില്‍ ബി.ജെ.പിയിലെ ഒരാള്‍ പോലും അംഗമാകില്ലെന്നു പാര്‍ട്ടിയധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ക്ഷേത്ര നിര്‍മാണത്തിനായി പൊതുപണം ചെലവിടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. നിര്‍മാണത്തിനുള്ള സമയക്രമം ട്രസ്‌റ്റ് നിശ്‌ചയിക്കും. ട്രസ്‌റ്റ് രൂപീകരിക്കുന്നതടക്കമുള്ള പദ്ധതികള്‍ 90 ദിവസത്തിനകം നല്‍കാനാണു കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ നിര്‍ദേശം.
അതു ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.തര്‍ക്കഭൂമി ക്ഷേത്രനിര്‍മാണം അനുവദിച്ച സുപ്രീം കോടതി, ഇതിനായി പ്രത്യേക ട്രസ്‌റ്റ് രൂപീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ട്രസ്‌റ്റില്‍ താനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അംഗങ്ങളാകുമെന്ന അഭ്യൂഹം നിരസിച്ചാണ് അമിത് ഷാ നിലപാട് പ്രഖ്യാപിച്ചത്.ബി.ജെ.പിക്കാരാണും ട്രസ്‌റ്റില്‍ അംഗമായുണ്ടാകില്ല. ക്ഷേത്രനിര്‍മാണത്തിനു സര്‍ക്കാര്‍ പണം നല്‍കുകയുമില്ല- അദ്ദേഹം പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് ആവശ്യമായ പണം സമൂഹത്തില്‍നിന്നു സംഭാവനയായി കണ്ടെത്തും.
100 കോടി രൂപയുടെ ക്ഷേത്രമാണു വി.എച്ച്.പിയുടെ മനസിലുള്ളത്. പണം എങ്ങനെ സമാഹരിക്കണമെന്നു ട്രസ്‌റ്റ് തീരുമാനിക്കും. അടുത്ത ഫെബ്രുവരിയില്‍ പ്രയാഗ്‌രാജില്‍ നടത്തുന്ന മാഘമേളയില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും. ലോകമാകെയുള്ള രാമഭക്‌തരില്‍നിന്നു ക്രൗഡ് ഫണ്ടിങ് മുഖേനയാകും പണം കണ്ടെത്തുക. വി.എച്ച്.പി. നേരിട്ടു പണം പിരിക്കില്ല.
Post Your Comments