ന്യൂഡൽഹി: വായുവിൽ നിന്നും കുടിവെള്ളം ഉല്പാദിപ്പിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. റെയിൽവേ മന്ത്രി പീയുഷ് ഗോയൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മേഘദൂത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വായുവിൽ നിന്നും കുടിവെള്ളമുണ്ടാക്കി കുറഞ്ഞവിലയിൽ യാത്രക്കാർക്കു നൽകുന്നു. ഈ സംവിധാനം സൗത്ത് സെൻട്രൽ റെയിൽവേ തെലങ്കാനയിലെ സെക്കന്ദരാബാദ് സ്‌റ്റേഷനിൽ സ്ഥാപിച്ച് കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന നൂറ് ശതമാനം ശുദ്ധമായ കുടിവെള്ളമാണിത്.
വായുവിൽ നിന്നും എയർഫിൽട്ടറുകൾ ജലകണം ആഗിരണം ചെയ്യ്ത്, കണ്ടൻസർ പ്രതലത്തിലൂടെ കടത്തിവിടുന്നു. ഇങ്ങനെ വായുവിൽ നിന്നും ശേഖരിക്കുന്ന ജലകണങ്ങൾ ശുദ്ധീകരിച്ച്, ധാതുക്കൾ വേർതിരിച്ചെടുത്ത് കുടിവെള്ളമാക്കി മാറ്റുന്നു.
രണ്ട് മുതൽ എട്ട് രൂപ വരെ നൽകി യാത്രക്കാർക്ക് ഈ വെള്ളം കുടിക്കാം. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് എട്ട് രൂപയാണ് വില. കുപ്പിയിൽ റീഫിൽ ചെയ്യുന്നതിന് അഞ്ച് രൂപമതി. 500 എംഎൽ കുപ്പിവെള്ളത്തിന് 5 രൂപയും റീഫിൽ ചെയ്യുന്നതിന് 3 രൂപയുമാണ്. വരും തലമുറയ്ക്ക് ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയാണ് ഈ പദ്ധതി.
Post Your Comments