Latest NewsNewsIndia

പൗരത്വ നിയമം, പ്രതിപക്ഷത്തിന് ഒപ്പം രാഷ്ട്രപതിയെ കാണാനില്ലെന്ന് ശിവസേന; തീരുമാനം പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി ഇന്ന് വൈകുന്നേരം രാഷ്ട്രപതിയെ കാണാനിരിക്കെ; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാകുമ്പോള്‍ ബിജെപി പ്രതിരോധത്തിലോ?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതിപക്ഷ നിരയില്‍ വിള്ളല്‍. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പം ഭരണം നടത്തുന്ന ശിവസേനയാണ് ഇന്ന് രാഷ്ട്രപതിയെ കാണാനുള്ള പ്രതിപക്ഷ സംഘത്തില്‍ നിന്നും പിന്മാറിയത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ശക്തി പ്രാപിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വമില്ലാത്ത അവസ്ഥയാണ് നിലവില്‍. മുഖ്യ പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പ്രസ്താവനകള്‍ക്ക് അപ്പുറം പ്രത്യക്ഷത്തില്‍ സമര രംഗത്തില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ദുര്‍ബലരാണന്ന ധാരണയിലാണ് പല വിവാദ തീരുമാനങ്ങളും ബിജെപി സര്‍ക്കാര്‍ ധൈര്യപൂര്‍വ്വം എടുത്തിരുന്നത്. കാഷ്മീരിന്റെ കാര്യത്തിലടക്കം വലിയ എതിര്‍പ്പുകളില്ലാതെ മുന്നോട്ട് പോകാന്‍ അമിത് ഷായെയും കൂട്ടരെയും സഹായിച്ചത് പ്രതിപക്ഷത്തിന്റെ നിര്‍ജീവമായ അവസ്ഥ തന്നെയാണ്.

എന്നാല്‍ പൗരത്വ നിയമത്തില്‍ പണി പാളി. രാജ്യത്തെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധങ്ങള്‍ വളര്‍ന്നു. രാജ്യ തലസ്ഥാനമായ ദില്ലിയിലെ യൂണിവേഴ്‌സിറ്റികളെല്ലാം തന്നെ സംഘര്‍ഷഭരിതമായി. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ രാജ്യ വ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം വളരുവാന്‍ ഈ സംഭവം കാരണമായി. പ്രതീക്ഷിക്കാത്ത വിഭാഗങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്ന് വന്നത് അമിത് ഷായെ സമ്മര്‍ദ്ദത്തിലാക്കി. ചര്‍ച്ചയാകാം എന്ന നിലപാട് കരുത്തനായ അമിത് ഷായില്‍ നിന്ന് വന്നത് അതിന്റെ സൂചനയാണ്. രാം നാഥ് കോവിന്ദിനെ കാണാനുള്ള പ്രതിപക്ഷ നീക്കത്തില്‍ ഒന്നും വലിയ പ്രതീക്ഷ വേണ്ട. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന കാര്യം തീര്‍ച്ചയാണ്. രാഷ്ട്രപതിയെ കാണാന്‍ പോകുന്ന നേതാക്കള്‍ക്കും ഇക്കാര്യം വ്യക്തമായി അറിയാം. പിന്നെ ഒരു കീഴ്വഴക്കമെന്ന നിലയില്‍ പോയി കാണുന്നു എന്ന് മാത്രം.

പൗരത്വ നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീകോടതി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും. കോടതിയില്‍ നിന്നും പ്രതികൂലമായ പരാമര്‍ശമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടാകും. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരും. നിയമത്തിലും മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാകും. അങ്ങനെ സംഭവിച്ചാല്‍ വലിയ ഭൂരിപക്ഷമുള്ള ബിജെപി നയിക്കുന്ന സര്‍ക്കാരിന് അതൊരു തിരിച്ചടിയാകും എന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ ക്രെഡിറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളതല്ല, ഇന്ത്യയിലെ ക്ഷോഭിക്കുന്ന യുവത്വത്തിന് മാത്രം അവകാശപ്പെട്ടതാണ്.

shortlink

Post Your Comments


Back to top button