കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസില്‍ നിന്നും നേരിട്ട കയറിയ അനുഭവം പങ്കുവെച്ച് ഡോ. ഷിംന അസീസ്. നീണ്ട യാത്രയും ഉറക്കമില്ലായ്മയും ഒക്കെ ചേര്‍ന്നാവണം, ഒന്നിലധികം തവണ ശ്രമിച്ചിട്ടും ബാഗെടുത്ത് ബസ്സിലേക്ക് വയ്ക്കാന്‍ ബാലന്‍സ് കിട്ടാത്തതിനെ കുറിച്ചും ഇത് കണ്ട് നില്‍ക്കലല്ലാതെ വാഹനത്തിനകത്തേക്ക് ഉയര്‍ത്തി വെച്ചു തരാന്‍ പോലും നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസിയിലെ ഡ്രൈവറോ കണ്ടക്ടറോ കൂടെയുള്ള അന്‍പതോളം പുരുഷയാത്രക്കാരോ ശ്രമിച്ചില്ലെന്നും ഷിംന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.ബസിലെ കണ്ടക്ടറുടെ പെരുമാറ്റത്തെ കുറിച്ചും ഷിംന പറയുന്നുണ്ട്.
കുറിപ്പ് വായിക്കാം
ബസ് യാത്രകളോടുള്ള ഇഷ്‌ടം മുൻപേ ഉണ്ടെങ്കിലും അത് ഉറച്ചത് മെഡിസിന് പഠിക്കുന്ന കാലത്താണെന്ന് തോന്നുന്നു. അഞ്ചര വർഷം ഒരേ റൂട്ടിലോടുന്ന ബസുകൾ ഒരുപാട് സൗഹൃദങ്ങൾ തന്നിട്ടുണ്ട്. ആ ബസുകളിൽ ഇരുന്ന് ഫോണിൽ ടൈപ്പ് ചെയ്‌തതാണ് ആദ്യപുസ്‌തകത്തിന്റെ മുക്കാൽ ഭാഗവും. ഇപ്പോഴും ദൂരയാത്രകൾക്ക് പോലും ബസുകൾ തിരഞ്ഞെടുക്കുന്നതും ഈ ഒരിഷ്‌ടത്തിന്റെ പുറത്താണ്. പക്ഷേ, ഒറ്റക്ക് യാത്ര ചെയ്യുന്ന സ്‌ത്രീകളോടുള്ള നിലപാട് മിക്കവാറും ഈയിടങ്ങളിൽ ഇപ്പോഴും പഴയതൊക്കെ തന്നെയാണ്.
സിംഗപ്പൂർ യാത്ര കഴിഞ്ഞ് നെടുമ്പാശ്ശേരിയിൽ നിന്ന് കോട്ടക്കലേക്കുള്ള ലോ ഫ്ലോറിന്റെ സമയം പുലർച്ചേ മൂന്നേ അൻപതായിരുന്നു. പന്ത്രണ്ടേ കാൽ മുതൽ ഒരു പോള കണ്ണടക്കാതെ കാത്തിരുന്ന് കൃത്യസമയത്ത് വന്ന ലോ ഫ്ലോറിനടുത്തേക്ക് ചെന്നു. ട്രോളി ബാഗും അതിൻമേൽ സ്‌ട്രാപ് ഓൺ ചെയ്‌ത മറ്റൊരു ബാഗുമുണ്ട്. നീണ്ട യാത്രയും ഉറക്കമില്ലായ്മയും ഒക്കെ ചേർന്നാവണം, ഒന്നിലധികം തവണ ശ്രമിച്ചിട്ടും ബാഗെടുത്ത് ബസ്സിലേക്ക് വയ്‌ക്കാൻ ബാലൻസ് കിട്ടുന്നില്ല. ഇത് കണ്ട് നിൽക്കലല്ലാതെ വാഹനത്തിനകത്തേക്ക് ഉയർത്തി വെച്ചു തരാൻ പോലും നിർത്തിയിട്ട കെഎസ്ആർടിസിയിലെ ഡ്രൈവറോ കണ്ടക്ടറോ കൂടെയുള്ള അൻപതോളം പുരുഷയാത്രക്കാരോ ശ്രമിച്ചില്ല. ഒടുവിൽ ഒരാളോട് കനിഞ്ഞ് അപേക്ഷിച്ചപ്പോൾ അയാൾ ലഗേജ് ഉയർത്തി വെച്ചു തന്നു. നന്ദി.
സീറ്റിൽ ചെന്നിരുന്ന് അങ്കമാലി എത്താറായപ്പോഴാണ് ഞാൻ റിസർവ് ചെയ്‌ത ബസിലെ കണ്ടക്‌ടർ വിളിക്കുന്നത്- “ഞങ്ങൾ നെടുമ്പാശ്ശേരി ഉണ്ട്, നിങ്ങളെവിടെ?” എന്ന് ചോദിച്ച്. അപ്പോ പിന്നെ ഇതേത് വണ്ടി? അടുത്ത് വന്ന കണ്ടക്‌ടറോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ശകാരവർഷം. “കയറുമ്പഴേ ഞാനവിടുന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നല്ലോ, മനുഷ്യനെ മെനക്കെടുത്താൻ വന്നോളും. ഇനി അങ്കമാലി ഇറങ്ങിക്കോ, റിസർവേഷൻ കളയേണ്ട.” എന്നൊക്കെ പറഞ്ഞ് അയാൾ മുന്നോട്ടൊരു നടത്തം. എന്ത് വിളിച്ചു പറഞ്ഞെന്നാണാവോ! എനിക്ക് വരേണ്ട അതേ സമയത്ത് അതേ റൂട്ടിൽ അതേ പോലെയുള്ള മറ്റൊരു ബസ്സ് വരുമ്പോൾ അതല്ല എന്റെ ബസ്സെന്ന് എങ്ങനെ മനസ്സിലാവാനാണ്!!!
അങ്കമാലി എത്തിയപ്പോൾ പ്രവാസികളുടെ വലിയ കാർഡ്‌ബോർഡ് പെട്ടികൾക്കിടയിൽ നിന്നും എന്റെ ബാഗെടുക്കാൻ നിസ്സഹായമായി ശ്രമിക്കുന്ന എന്നെ ചീത്ത വിളിച്ചുകൊണ്ട് വീണ്ടും അയാൾ മുന്നോട്ട് നടന്നു. ചുറ്റുമുള്ള മനുഷ്യരെല്ലാം പതിവ് പോലെ കാഴ്‌ച കാണുകയാണ്. ഒടുക്കം അതിനടുത്ത് ഇരുന്ന ആൾ ലഗേജ് വലിച്ച് മേലോട്ട് വെച്ചു. എനിക്കത് വലിച്ച് ബസിന്റെ മുന്നിലെ എൻട്രിയിൽ എത്തിക്കാൻ സമയമെടുക്കും എന്ന് കണ്ടിട്ടാവണം കണ്ടക്‌ടർ ബസിന്റെ മധ്യഭാഗത്തെ ഡോറിനവിടെ വന്ന് ലഗേജ് വലിച്ചെടുത്ത് പുറത്തേക്ക് എറിഞ്ഞ് തന്നു. സിംഗപ്പൂർ ഹോട്ടലിൽ നിന്ന് ബസും മെട്രോയും വഴി എയർപോർട്ട് വരെ ആ ലഗേജ് എത്തിക്കാൻ സഹായിച്ച യാതൊരു പരിചയവുമില്ലാത്ത ഏതൊക്കെയോ നാട്ടുകാരെ ഓർത്തുപോയി. എത്ര സംസ്‌കാരത്തോടെയാണവർ അവരുടെ അതിഥിയെ കാണുന്നത്.
ആർക്കും സംഭവിക്കാവുന്ന ഒരു കൺഫ്യൂഷനേ എനിക്കുമുണ്ടായുള്ളൂ. കൃത്യമായി എന്റെ ബസ് സമയത്ത് വന്ന കണ്ടാൽ ഒരു പോലിരിക്കുന്ന മറ്റൊരു ബസിൽ കയറി. റിസർവ് ചെയ്‌ത കെഎസ്ആർടിസി ലോ ഫ്ലോറിലെ കണ്ടക്‌ടർ വളരെ നല്ല മനുഷ്യനായിരുന്നു എന്ന് പറയാതെ വയ്യ. ഏറെ ശ്രദ്ധയോടെയും പരിഗണനയോടെയുമാണ് പെരുമാറിയത്. ബസിലെ തണുപ്പ് കൂടിയത് പറഞ്ഞപ്പോഴും എടപ്പാൾ ഡിപ്പോയിൽ ടോയ്‌ലറ്റിൽ പോകാൻ നിർത്തി തരാൻ പറഞ്ഞപ്പോഴുമെല്ലാം ഒരു കൂടപ്പിറപ്പിനോട് കാണിക്കുന്ന വാത്സല്യം ആ മുഖത്തുണ്ടായിരുന്നു. ആരുണ്ടായിട്ടെന്താ കാര്യം, ഇവരെയൊക്കെ പറയിപ്പിക്കാൻ പുഴുക്കുത്ത് പോലെ കുറച്ചെണ്ണം എവിടെയും കാണുമല്ലോ.
ഇന്നലെ കോഴിക്കോട് പോയി സ്വകാര്യബസിൽ തിരിച്ച് വരുമ്പോൾ വൈകീട്ട് ഇരുട്ട് വീണ ശേഷം മഞ്ചേരിയിൽ സ്‌റ്റോപ്പില്ലാത്ത ഗേൾസ് ഹൈസ്‌കൂൾ റോഡിന്റെ ഓപ്പോസിറ്റ് ബസ് യാത്രികരെ മുഴുവൻ സ്വന്തം സമയം ലാഭിക്കാൻ ഇറക്കി വിടുമ്പോൾ കിളി ”ഇങ്ങട്ട് എറങ്ങ് ബളേ” എന്നൊരു ആക്രോശം. എടീ/പോടീ വിളിക്കുന്നതിന്റെ മറ്റൊരു രൂപമാണിത്. “ഇബളേ ഇബനേ വിളിക്കാൻ താൻ എന്റെ ആരാ? മര്യാദക്ക് സംസാരിക്കണം” എന്ന് പറഞ്ഞ് തന്നെയാണ് ആ ബസിൽ നിന്ന് ഇറങ്ങിപ്പോന്നത്. ഒരു നിമിഷം ഞെട്ടിയ അയാൾ പിന്നെയും എന്തൊക്കെയോ പുലമ്പുന്നത് കണ്ടു. അവഗണിച്ച് കൊണ്ട് മുന്നോട്ട് നടന്നു.
ഭൂരിഭാഗം ബസ് ജീവനക്കാരും ഇങ്ങനല്ല. പക്ഷേ, എന്തെങ്കിലും കൊണ്ട് ബുദ്ധിമുട്ടുന്നൊരു സഹയാത്രക്കാരനെ/യാത്രികയെ സഹായിക്കാനും പരിഗണിക്കാനും പലപ്പോഴും നമുക്കറിയില്ല. മറ്റൊരു രാജ്യത്തെ പൊതുഗതാഗതം ആവോളം ഉപയോഗിച്ച് വന്നിട്ട് ഒരാഴ്‌ച തികയാത്തത് കൊണ്ട് കൂടിയാകണം ഇതെല്ലാം വല്ലാതെ തികട്ടി വരുന്നത്. ഇതിനോടെല്ലാം പൊരുത്തപ്പെട്ട് പോയ ഒരു പെൺകൂട്ടമായിപ്പോയിരിക്കുന്നു നമ്മൾ. അസമയത്ത് ഒറ്റപ്പെട്ട് പോയത് ഇവരുടെയൊക്കെ പ്രിയപ്പെട്ടവരാണെങ്കിൽ അവർക്കും ഇത്തരം പെരുമാറ്റം ലഭിക്കണമെന്നാകുമോ ആഗ്രഹിക്കുന്നത്?
നാലര മണിക്കൂർ യാത്രയും മൂന്നേ മുക്കാൽ മണിക്കൂർ കാത്തിരിപ്പും കഴിഞ്ഞ് വന്നിട്ട് പുലർച്ചേ മൂന്നേ മുക്കാലിന് കയറിയ പച്ച നിറത്തിൽ ദേഹമാകെ പരസ്യമൊട്ടിച്ച നേരം തെറ്റി വന്ന ലോ ഫ്ലോറിലെ ഡ്രൈവറെയും കണ്ടക്‌ടറെയും ഇപ്പോഴും മറക്കാൻ പറ്റുന്നില്ല. ഇവർക്കൊക്കെ സഹജീവികളോട് പെരുമാറാനുള്ള വല്ല കോച്ചിംഗ് കൂടി നൽകേണ്ടതുണ്ട്. അതിന് ശേഷം വന്ന എന്റെ ‘ശരിക്കും ബസിലെ’ ചേട്ടൻ കൂടി ഇതുപോലായിരുന്നെങ്കിൽ നല്ലൊരു യാത്രയുടെ ഇങ്ങേയറ്റം നശിച്ച് നാറാണക്കല്ലെടുത്തേനെ.
അയാളൊരു നല്ല മനുഷ്യനായിരുന്നു. ഇനിയും ലോകം മനുഷ്യരെക്കൊണ്ട് നിറയട്ടെ എന്നാഗ്രഹിക്കുന്നു. അല്ലാതെന്ത് പറയാൻ, ചെയ്യാൻ !
Dr. Shimna Azeez
https://www.facebook.com/shimnazeez/posts/10158105324452755
Post Your Comments