Latest NewsIndia

ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്‌ക്കു കൂടി നീട്ടും , ആംഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിക്കുന്നു

ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്‌ക്കു കൂടി നീട്ടുന്ന ഭരണഘടനാഭേദഗതി ലോക്‌സഭ പാസാക്കി.
352 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ ആരും എതിര്‍ത്തില്ല. വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പങ്കെടുത്തു. 70 വര്‍ഷമായി തുടരുന്ന സംവരണത്തിന്റെ കാലാവധി 2020 ജനുവരി 25ന്‌ അവസാനിക്കാനിക്കേണ്ടായിരുന്നു.അതേസമയം ആംഗ്ലോ-ഇന്ത്യന്‍ സംവരണത്തിന്റെ കാലാവധി ബില്ലില്‍ പറയുന്നില്ല.

ഇതോടെ ലോക്‌സഭയിലും സംസ്‌ഥാന നിയമസഭകളിലുമുള്ള ആംഗ്ലോ ഇന്ത്യന്‍ സംവരണം ജനുവരി 25ന്‌ അവസാനിക്കും.ആംഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിപ്പിക്കാനുള്ള നീക്കത്തെ ബില്ല്‌ ചര്‍ച്ചയില്‍ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ 2011-ലെ സെന്‍സസ്‌ പ്രകാരം രാജ്യത്ത്‌ ആകെ 296 ആംഗ്ലോ ഇന്ത്യന്‍ വംശജരേയുള്ളുവെന്നും 20 കോടി എസ്‌.സി- എസ്‌.ടി വിഭാഗങ്ങളെക്കുറിച്ച്‌ പ്രതിപക്ഷത്തിന്‌ ആശങ്കയില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, ആര്‍.എസ്‌.പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഡി.എം.കെയിലെ കനിമൊഴി, തൃണമൂലിലെ സൗഗത റോയ്‌ തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്തു.

545 അംഗ ലോക്‌സഭയില്‍ രണ്ടുസീറ്റാണ്‌ ആംഗ്ലോ ഇന്ത്യന്‍ സംവരണം. പട്ടികജാതി വിഭാഗത്തിന്‌ 84 സീറ്റുകളും പട്ടികവര്‍ഗത്തിന്‌ 47 സീറ്റുകളുമുണ്ട്‌. ആംഗ്ലോ ഇന്ത്യക്കാരുടെ എണ്ണം 296 ആണെന്ന വിവരത്തിലൂടെ ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ രവിശങ്കര്‍ പ്രസാദിനെതിരേ അവകാശലംഘന നോട്ടീസ്‌ നല്‍കി. 2017ലെ കണക്കുപ്രകാരം കേരളത്തില്‍ 80000 ആംഗ്ലോ-ഇന്ത്യന്‍ വംശജരുണ്ടെന്നും എറണാകുളത്ത്‌ മാത്രം 20000 പേരുണ്ടെന്നും ഇന്ത്യയിലാകെ 3.47 ലക്ഷം വരും ഇവരുടെ എണ്ണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button