ന്യൂഡല്‍ഹി: ദേശീയ പൗരത്വബില്‍ രാജ്യസഭയിലും പാസായതോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. ഇന്ത്യയുടെ ചരിത്രത്തിലെ നാഴികകല്ലാണ് ഈ ദിനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ വിശേഷിപ്പിച്ചത്. സാഹോദര്യവും സഹാനുഭൂതിയും കാത്തുസൂക്ഷിക്കുന്ന രാജ്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതാണ് പൗരത്വഭേദഗതി ബില്ലെന്ന് മോദി പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
അതേസമയം ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് മേല്‍ വര്‍ഗീയ ശക്തികളുടെ വിജയമാണിതെന്നും സോണിയ പ്രതികരിച്ചു. ബില്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.
രാജ്യസഭയില്‍ 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍ത്തു. കഴിഞ്ഞ ദിവസം ലോക്സഭയില്‍ ബില്ലിന് അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന ഇന്ന് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.ശിവസേനയ്ക്ക് മൂന്നുപേരാണ് രാജ്യസഭയിലുളളത്.
കഴിഞ്ഞദിവസം 311 പേരുടെ പിന്തുണയോടെയാണ് ലോക്സഭയില്‍ ഭരണപക്ഷം പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. പ്രതിപക്ഷത്ത് നിന്ന് 80 പേരാണ് ഇതിനെ എതിര്‍ത്തത്. രാജ്യസഭയിലും ബില്ല് പാസാക്കിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ച് സംസാരിച്ച അമിത് ഷാ, ബില്ല് മുസ്ലീം വിരുദ്ധമല്ലെന്ന് ആവര്‍ത്തിച്ചു.
Post Your Comments