ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ തെലങ്കാന പോലീസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.26കാരിയെ ഷംഷദാബാദിന് സമീപത്തുവച്ച് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, കമ്മീഷന്റെ ഏഴംഗ സംഘം നടത്തുന്ന അന്വേഷണം തുടര്‍ച്ചയായ നാലാം ദിവസവും തുടരുകയാണ്.
തെലങ്കാന പോലീസ് അക്കാഡമിയില്‍ കമ്മീഷന്‍ അംഗങ്ങള്‍ ചൊവ്വാഴ്ച ഹിയറിങ് നടത്തി. ഡിസംബര്‍, ഏഴിനാണ് കമ്മീഷന്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ച അന്വേഷണം തുടങ്ങിയത്. കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളുടെ മൊഴിഏഴംഗ സംഘം രേഖപ്പെടുത്തിയിരുന്നു. നവംബര്‍ 27ന് അര്‍ധരാത്രിയില്‍ ഷാദ്‌നഗര്‍ ടൗണിന് സമീപത്തുവച്ചാണ് വെറ്ററിനറി ഡോക്ടറുടെ മൃതദേഹം പ്രതികള്‍ കത്തിച്ചത്. പിന്നീട് അറസ്റ്റു ചെയ്ത പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തു. ചോദ്യം ചെയ്യലിനിടെ ലഭിച്ച വിവരങ്ങളും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിന്റെ വിശദാംശങ്ങളും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുവതിയുടെയും പ്രതികളുടെയും ഡിഎന്‍എ പരിശോധനാ ഫലം, ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ച തെളിവുകള്‍, അക്രമം നടന്ന സ്ഥലത്തെയും പ്രതികള്‍ പെട്രോള്‍ വാങ്ങിയ പമ്ബിലെയും സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയ തെളിവുകള്‍ തെലങ്കാന പോലീസ് റിപ്പോര്‍ട്ടിനൊപ്പം കൈമാറിയിട്ടുണ്ട്. കേസില്‍ സാക്ഷിയായ പെട്രോള്‍ പമ്പ് ജീവനക്കാരനെ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ക്ക് മുന്നില്‍ പോലീസ് ഹാജരാക്കുകയും ചെയ്തു.ഏറ്റുമുട്ടല്‍ നടന്ന സ്ഥലവും പ്രതികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മഹബൂബ് നഗറിലെ സര്‍ക്കാര്‍ ആശുപത്രിയും മനുഷ്യാവകാശ കമ്മീഷന്‍ സംഘം സന്ദര്‍ശിച്ചിരുന്നു.
അതിനിടെ, കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ തെലങ്കാന ഹൈക്കോടതി നിര്‍ദേശപ്രകാരം ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ഡിസംബര്‍ 13 വരെ സൂക്ഷിക്കണമെന്ന് പോലീസ് ഏറ്റുമുട്ടലിനെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Post Your Comments