ഇടുക്കി : ദേവികുളത്തിന് വീണ്ടും ഒരു പുതിയ സബ്കളക്ടര്‍ കൂടി എത്താന്‍സമയമായി എന്ന സൂചന നല്‍കി മൂന്നാറിലെ സിപിഎം നേതൃത്വം. ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നിലപാടെടുത്ത പുതിയ ദേവികുളം സബ് കളക്ടര്‍ എസ് പ്രേംകൃഷ്ണനെതിരേയാണ് സിപിഎം നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. വട്ടവടയിലെ ‘മാതൃകാഗ്രാമം’ പദ്ധതിക്കായി ഒന്നേമുക്കാല്‍ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് അന്വേഷിക്കണമെന്ന സബ് കളക്ടറുടെ റിപ്പോര്‍ട്ടാണ് ഇത്തവണ സിപിഎം പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. സബ് കളക്ടറെ വെല്ലുവിളിച്ച് സിപിഎം നേതാവും വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ രാമരാജ് രംഗത്തെത്തി.
Read Also : മൂന്നാറിലെ ഭൂമി കയ്യേറ്റം ; അന്വേഷണത്തിനായി പ്രത്യേക സംഘം
മാതൃകാഗ്രാമം പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പിന് സാധ്യതയുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് സബ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതിനെതിരെ രംഗത്തു വന്ന സിപിഎം നേതാവ് രാമരാജ്, പേരെടുക്കാന്‍വേണ്ടി ഭൂപ്രശ്നങ്ങള്‍ സ്വയംസൃഷ്ടിച്ച് വിവാദങ്ങളുണ്ടാക്കുന്നവരാണ് ദേവികുളത്ത് മാറിമാറിവരുന്ന സബ് കളക്ടര്‍മാരെന്ന് ആരോപിച്ചു. സബ് കളക്ടറും താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരും പരിസ്ഥിതിസംഘടനയായ യുഎന്‍ഡിപിയുടെ ഏജന്റുമാരാണ്. എന്തുവിലകൊടുത്തും പദ്ധതി പൂര്‍ത്തിയാക്കും.
വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തിലെ ആദിവാസികള്‍ അടക്കമുള്ള പാവങ്ങളെ പരിസ്ഥിതിയുടെയും നീലക്കുറിഞ്ഞിയുടെയും പേരുപറഞ്ഞ് കുടിയിറക്കാനുള്ള ബോധപൂര്‍വമായ നടപടികളാണ് സബ് കളക്ടര്‍ നടത്തുന്നത്. പദ്ധതി ഭൂമി വിലകൊടുത്ത് വാങ്ങിയതാണെന്നും പോക്കുവരവ് ചെയ്തുകൊടുക്കാത്തതിനാല്‍ സര്‍ക്കാര്‍ തരിശ്ശ് എന്നു കിടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണ്ണിലെ കരടാകുന്ന നാലാമത്തെ സബ്കളക്ടറാണ് പ്രേംകൃഷ്ണന്‍.
മുന്‍ എം പി ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പട്ടയത്തെ തൊട്ടപ്പോഴാണ് ദേവികുളം സബ് കളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, വി ആര്‍ പ്രേംകുമാര്‍, ഡോ. രേണുരാജ് എന്നിവര്‍ തെറിച്ചത്. ശ്രീറാം വെങ്കിട്ടരാമനാണ് കേസിന്റെ ഹിയറിങ് തുടങ്ങിവെച്ചത്. അവസാനത്തെ നോട്ടീസ് അയയ്ക്കാന്‍ ഇരിക്കെയാണ് ശ്രീറാമിന്റെ സ്ഥലംമാറ്റം.
പിന്നീടുവന്ന പ്രേംകുമാര്‍ ഒരുപടികൂടി മുന്നോട്ടുപോയി. ക്രമവിരുദ്ധമെന്ന് കണ്ട് ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള പട്ടയം റദ്ദാക്കി. ജോയ്സ് ജോര്‍ജ് കളക്ടര്‍ക്ക് അപ്പീല്‍ നല്‍കി. അദ്ദേഹത്തിന്റെ ഭാഗംകേട്ട് നടപടി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ ഉത്തരവിട്ടപ്പോഴേക്കും പ്രേംകുമാറിനും സ്ഥലംമാറ്റമായി.
പിന്നീടെത്തിയ ഡോ. രേണുരാജ് പട്ടയത്തിനൊപ്പം തണ്ടപ്പേരും റദ്ദാക്കി. പട്ടയം റദ്ദാക്കിയതിന്റെ പതിനെട്ടാം ദിവസം രേണുരാജിന് സബ് കളക്ടര്‍ കസേര പോയി. ശ്രീറാമും പ്രേംകുമാറും ഏകദേശം ഒരു വര്‍ഷത്തോളവും, രേണുരാജിന് പത്തുമാസവുമാണ് ഈ സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞത്. മൂന്നുപേരെയും മാറ്റിയത് അപ്രധാന പോസ്റ്റുകളിലേക്കുമാണ്. രേണുരാജിന്‍രെ പിന്‍ഗാമിയായി എത്തിയ പ്രേംകൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയും 2017 ബാച്ച് ഐഎഎസ് ഓഫീസറുമാണ്.
Post Your Comments