Latest NewsHealth & Fitness

എന്താണീ പ്രാണായാമം ?

ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളെ സാധ്യമാക്കുന്നതും ഏകോപിപ്പിക്കുന്നതുമാണ് പ്രാണന്റെ ധര്‍മം. ശ്വസന പ്രക്രിയയുടെ ഭാഗമായി ഉള്ളിലേക്കെടുക്കുന്ന പ്രാണവായു( ഓക്‌സിജന്‍) രക്തചംക്രമണത്തിലൂടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളിലുമുള്ള ഓരോ കോശങ്ങളിലും എത്തിച്ചേര്‍ന്ന് അതിനുള്ള ഗ്ലൂക്കോസ് തന്‍മാത്രയെ വിഘടിപ്പിച്ച് ഊര്‍ജ്ജത്തെ ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജമാണ് ശാരീരിക മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം.

രക്ത ചംക്രമണവ്യവസ്ഥയുടെ ഭാഗമായി ശരീരത്തില്‍ സംഭവിക്കുന്ന ഊര്‍ജപ്രവാഹത്തിന്റെ കാര്യക്ഷമവും ക്രമവുമായ പ്രവര്‍ത്തനമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനകാരണം. ഈ ഊര്‍ജപ്രവാഹം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തോ അവയവത്തിലോ തടസപ്പെട്ടാല്‍ അവിടെയുള്ള എല്ലാ ജീവപ്രവര്‍ത്തനങ്ങളും മെല്ലെയാകുകയോ ഇല്ലാതാകുകയോ ചെയ്യും. ഇത് ശരീരഭാഗത്തിന്റെയോ അവയവത്തിന്റെയോ പ്രവര്‍ത്തനത്തെ താറുമാറാക്കും. മൈഗ്രെയ്ന്‍, സന്ധിവേദന തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

ചിട്ടയായ ശ്വസന പ്രക്രിയയിലൂടെ ശരീരത്തിലെ പ്രാണന്റെ സഞ്ചാരത്തെയും പ്രവര്‍ത്തനത്തെയും തടസമില്ലാതെ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള പ്രത്യേക പരിശീലനമാണ് പ്രാണായാമം. ഇതിന്റെ സമര്‍ത്ഥമായ ഉപയോഗ ക്രമത്തിലൂടെ ശാരീരിക പ്രവര്‍ത്തനത്തിലുപരി മനസിനെയും ചിട്ടപ്പെടുത്തിയെടുക്കാം. കായികവ്യായാമത്തിലൂടെ ഒരാളുടെ കായികശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതുപോലെ പ്രാണായാമ അഭ്യാസത്തിലൂടെ മനസിന്റെയും സൂക്ഷ്മ ശരീരത്തിന്റെയും കഴിവുകള്‍ അനിതരസാധാരണമായ നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയും, ഇത്തരത്തില്‍ നേടുന്ന അസാധാരണ കഴിവുകളെ സിദ്ധികള്‍ എന്നാണ് പറയുന്നത്.

വിവിധ ആചാരന്‍മാര്‍ വ്യത്യസ്ത രീതിയിലാണ് പ്രാണായാമ പദ്ധതികള്‍ ചിട്ടപ്പെട്ടുത്തിയിരിക്കുന്നത്. ശ്വാസം ഉള്ളിലേക്കെടുക്കുന്ന പൂരകം,ഉള്ളിലെടുത്ത ശ്വാസം നിയതക്രമത്തില്‍ നിലനിര്‍ത്തുന്നത് കുംഭകം, ഉള്ളിലെടുത്ത ശ്വാസം പുറത്തുവിടുന്ന രേചകം ഇവയാണ് പ്രാണായാമ ക്രിയകളുടെ അടിസ്ഥാനം . പൂരക രേചക കുംഭക ക്രിയകളുടെ വിവിധ മാത്രാക്രമീകരണത്തിലൂടെയാണ് വിവിധ പ്രാണായാമ പദ്ധതികള്‍ തയ്യാറാക്കപ്പെടുന്നത്. ഓരോ പ്രാണായാമ ക്രിയകളും വ്യത്യസ്ത രീതിയിലാണ് ശരീരത്തിനുള്ളില്‍ മാറ്റം വരുത്തുന്നത്. പല രോഗങ്ങള്‍ക്കും മരുന്നിന് പകരം പ്രാണായാമപദ്ധതി വഴി പരിഹാരം കാണാനാകും. പ്രാണനെ നിയന്ത്രിക്കുന്നത് വഴി മനസിനെയും നിയന്ത്രിക്കാനാകും, അങ്ങനെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലിയാണ് പ്രാണായാമമെന്ന് നിസംശയം പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button