ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും വൃതം ആചരിക്കാറുണ്ട്.
സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു.
തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന് നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ , ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.
തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കായി കരുതപ്പെടുന്നു. ‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണ്.
Post Your Comments