വിജയവാഡ•പാലത്തില്‍ നിന്ന് കൃഷ്ണ നദിയിലേക്ക് ചാടിയ പെണ്‍കുട്ടിയെ തന്റെ ജീവന്‍ പണയംവച്ച് രക്ഷപ്പെടുത്തി 58 കാരനായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ). ‘ അപകട രഹിത ദിന’ത്തിന്റെ ഭാഗമായി അവിനിഗഡ്ഡ പോലീസ് സ്റ്റേഷനിൽ നിന്ന് എ.എസ്.ഐ കെ മാണിക്കല റാവു കോൺസ്റ്റബിൾ ഗോപിരാജുവിനൊപ്പം ഡ്യൂട്ടി ചെയ്യുമ്പോഴാണ് സംഭവം.
പെനുമുടി പാലത്തിൽ ഒരു പെണ്‍കുട്ടി നില്‍ക്കുന്നതായി യാത്രക്കാര്‍ അറിയിച്ചു. പെൺകുട്ടിയെ തടയാനായി മാണിക്കല റാവുവും ഗോപിരാജുവും സ്ഥലത്തെത്തിയെങ്കിലും ഇതിനകം പെണ്‍കുട്ടി നദിയിലേക്ക് ചാടിയിരുന്നു. സമയം പാഴാക്കാതെ മാണിക്കല റാവു നദിയിലേക്ക് ചാടി പെൺകുട്ടിയെ രക്ഷിക്കാൻ 500 മീറ്ററോളം നീന്തി. ഇതിനിടയിൽ ഗോപിരാജു സമീപത്തെ മത്സ്യത്തൊഴിലാളികളെ അറിയിക്കുകയും അവര്‍ ബോട്ടുകളുമായി സംഭവസ്ഥലത്തേക്ക് കുതിക്കുകയും ചെയ്തു.
പെൺകുട്ടിയെ അവനിഗഡ്ഡ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. . പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ മാണികല റാവു നടത്തിയ ശ്രമങ്ങളെ കൃഷ്ണ ജില്ലാ പോലീസ് സൂപ്രണ്ട് രവീന്ദ്രനാഥ് ബാബു അഭിനന്ദിച്ചു.
അതേസമയം, പെണ്‍കുട്ടിയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ച ഘടകം എന്താണെന്ന് കണ്ടെത്താനായിട്ടില്ല.
Post Your Comments