KeralaLatest NewsNews

മാമാങ്കം സിനിമക്കുമേല്‍ ചാവേറായി സജീവ് പിള്ളയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

തിരുവനന്തപുരം: ചാവേറുകളുടെ കഥ പറയുന്ന മലയാളത്തിന്റെ മെഗാപ്രൊജക്ടായ മാമാങ്കം സിനിമയുടെ മുന്‍ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള മാമാങ്കം എന്ന പേരില്‍ സിനിമയുടെ കഥ നോവല്‍ ആയി പ്രസിദ്ധീകരിച്ചു. സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവേയാണ് ചാവേറായി സിനിമയില്‍ നിന്നു പുറത്തു പോയി കേസില്‍ അകപ്പെട്ട മുന്‍ സംവിധായകന്റെ തിരിച്ചടി. ഡി.സി ബുക്‌സ് ആണ് പ്രസാധകര്‍. നോവല്‍ പുറത്തിറക്കിയിട്ട് രണ്ടു ദിവസമായി എന്ന് സജീവ് പിള്ള ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

പന്ത്രണ്ട് വര്‍ഷമെടുത്ത് സജീവ് പിള്ള പൂര്‍ത്തിയാക്കിയ മാമാങ്കത്തിന്റെ തിരക്കഥ ഒരു വന്‍ ചതിയിലൂടെ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ആരോപണം. ചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. അങ്ങനെ സ്വന്തം സിനിമയായ മാമാങ്കത്തില്‍ നിന്ന് സജീവിന് കണ്ണീരോടെ ഇറങ്ങേണ്ടി വന്നതിന്റെ മധുരപ്രതികാരമാണ് ഇപ്പോഴത്തേത്. അറിയാതെ ഒപ്പിട്ടു പോയ എഗ്രിമെന്റിന്റെ പേരില്‍ കോടതികളും കൈവിട്ടപ്പോഴാണ് ഒരു ചാവേറിന്റെ ശൗര്യത്തോടെയുള്ള സജീവ് പിള്ളയുടെ തിരിച്ചു വരവ്.

അണിയറപ്രവര്‍ത്തകര്‍ വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന സിനിമയുടെ കഥ പുറത്തായതോടെ സസ്‌പെന്‍സ് നഷ്ടപ്പെട്ട മാമാങ്കം സിനിമയുടെ ഭാവിയെ ആശങ്കയോടെയാണ് സിനിമാപ്രേമികളും കാണുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരുമുള്‍പ്പെടെ സജീവിന് പിന്തുണയര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡി.സി ബുക്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ശാഖകളിലെ മുഴുവന്‍ ബുക്കുകളും വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ട്. സിനിമ പുറത്തിറങ്ങുന്നതോടെ കൂടുതല്‍ പതിപ്പുകള്‍ വിപണിയിലെത്തിക്കാനാണ് പ്രസാധകരുടെ നീക്കം. അതെ സമയം സിനിമയുടെ ആസ്വാദന നിലവാരം തകർക്കാൻ സജീവ് പിള്ള കരുതിക്കൂട്ടി ചെയ്തതാണെന്നും ഇത് ചതിയാണെന്നും ഒരു കൂട്ടർ വാദിക്കുമ്പോൾ സജീവിനെ ചതിച്ച നിർമ്മാതാവിന് ഇതിലും വലിയൊരു പണി സ്വപ്നങ്ങളിൽ മാത്രം എന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്.

shortlink

Post Your Comments


Back to top button