നടന്‍ ഷെയ്ന്‍ നിഗമിനെ സിനിമാ നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നു വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന് ഡോ. ബിജു. ‘ഏതെങ്കിലും ഒരു അഭിനേതാവിനെയോ സംവിധായകനെയോ സാങ്കേതിക പ്രവര്‍ത്തകരെയോ മലയാള സിനിമയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ ഈ സംഘടനകള്‍ക്ക് എന്താണ് അവകാശമെന്നാണ് ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഏതെങ്കിലും ഒരു അഭിനേതാവിനെയോ സംവിധായകനെയോ സാങ്കേതിക പ്രവർത്തകരെയോ മലയാള സിനിമയിൽ പ്രവർത്തിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കാൻ ഈ സംഘടനകൾക്ക് എന്താണ് അവകാശം. ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളുടെ സിനിമകളിൽ പ്രവർത്തിപ്പിക്കില്ല എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ മലയാള സിനിമയുടെ മൊത്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഇവർക്ക് ഏത് നിയമം അനുസരിച്ചാണ് ലഭിച്ചത്. ഈ നാട്ടിലെ സ്വതന്ത്ര സിനിമാ നിര്മാതാക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും അവർക്ക് താല്പര്യമുള്ള ആരെയും വെച്ചു സിനിമ ചെയ്യാൻ പൂർണ്ണ സ്വാതന്ത്രമുള്ള ജനാധിപത്യ രാജ്യം ആണിത്…അവരാരും ഒരു സിനിമാ സംഘടനകളുടെയും ഔദാര്യത്തിൽ അല്ല സിനിമകൾ ചെയ്യുന്നതും ജീവിക്കുന്നതും.മലയാള സിനിമ മൊത്തം ഏതെങ്കിലും സിനിമാ സംഘടനകൾക്ക് തീറെഴുതിക്കൊടുത്ത നാടല്ല കേരളം…എൻ.ബി. ന്യൂ ജൻ സിനിമാ സെറ്റിൽ ഡ്രഗ് പരിശോധന വേണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ന്യൂ ജെൻ സിനിമാ സെറ്റിൽ മാത്രം ആക്കണ്ട, എല്ലാ സെറ്റുകളിലും ആയിക്കോട്ടെ, ഡ്രഗ് മാത്രമല്ല മദ്യപാനവും മറ്റെന്തെങ്കിലും അനാശാസ്യങ്ങൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കാവുന്നതാണ് എല്ലാ സെറ്റുകളിലും. ഒപ്പം ഇത്രയേറെ നിരന്തര നഷ്ടം ഉണ്ടായിട്ടും പത്തും ഇരുപതും കോടി വീണ്ടും ഇൻവെസ്റ്റ് ചെയ്യുന്ന സിനിമകൾ ധാരാളം ഉണ്ടാകുമ്പോൾ കള്ളപ്പണത്തിന്റെ സാധ്യത കൂടി അന്വേഷിക്കാം. നിര്മാതാക്കളുടെയും താരങ്ങളുടെയും ടാക്‌സ് , ബിനാമി ബിസിനസുകൾ, ഭൂ മാഫിയ ബന്ധങ്ങൾ , വിദേശ താര ഷോകളുടെ പിന്നാമ്പുറങ്ങൾ, എല്ലാം അന്വേഷണ പരിധിയിൽ വരട്ടെ…
https://www.facebook.com/dr.biju/posts/10215849628776837
Post Your Comments