അഞ്ജു പാര്‍വതി പ്രഭീഷ്
വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയില്‍ ,തുല്യനീതിക്കായി അഹോരാത്രം പണിയെടുക്കുന്നവരുടെ നവോത്ഥാനകേരളത്തില്‍,പരിഷ്കൃതരെന്ന് സ്വയം വിശ്വസിക്കുന്ന മലയാളിസമൂഹത്തില്‍ ,നിറത്തിന്റെ പേരിലാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വ്യക്തികളെ വിലയിരുത്തുന്നത് എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?കറുത്ത നിറത്തില്‍ ജനിച്ചുപോയതിനാല്‍ കേള്‍ക്കേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ചോര്ത്തു വിഷമിച്ച ബാല്യവും കൗമാരവും യൗവനവുമൊക്കെ പിന്നിട്ട അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തന്റെ ജീവിതത്തിലുണ്ടായ വേദനിപ്പിക്കുന്ന നിമിഷങ്ങളെക്കുറിച്ച് സുകന്യയെന്ന പെണ്‍കുട്ടി തുറന്നെഴുതിയത്.സൗന്ദര്യമെന്നാല്‍, വ്യക്തിത്വമെന്നാല്‍ നിറമാണെന്ന ചിന്ത മനസ്സിലുണ്ടാക്കിയത് ഈ സമൂഹമാണെന്നും മുതിര്‍ന്നതിനു ശേഷം പോലും ആ ചിന്തയും അപകര്‍ഷതാ ബോധവും തന്നെ വിട്ടുപോയില്ലെന്നും പറയുന്നുണ്ട് സുകന്യ. ബന്ധങ്ങള്‍ ബന്ധനങ്ങളെന്ന് കരുതുന്നവരുടെ എണ്ണം കൂടുന്ന വര്‍ത്തമാനകാലത്ത് ,നിസാര കാര്യത്തിനുപോലും പ്രിയപ്പെട്ടവരെ ഇട്ടെറിഞ്ഞു പോകുന്ന സ്വാര്‍ത്ഥതയുടെ മുഖം നമുക്ക് മുന്നില്‍ പല രീതിയില്‍ അനാവൃതമാകുന്ന ലോകത്ത് പരസ്പരവിശ്വാസവും സ്നേഹവും കരുതലുമെല്ലാം സമം ചേരുന്ന ഒരു ദാമ്പത്യത്തിന്റെ നേര്‍സാക്ഷ്യം കൂടിയാകുന്നുണ്ട് ഹൃദയത്തിന്റെ ഭാഷയിലെഴുതിയ സുകന്യയുടെ പോസ്റ്റ്.കുനിഞ്ഞ ശിരസ്സല്ല, ഒരിക്കലും കുനിയാത്ത ശിരസ്സും ഒപ്പം ആത്മവിശ്വാസമുള്ള ഒരു മനസ്സുമാണ് പെണ്ണിന്റെ യഥാര്ത്ഥസൗന്ദര്യമെന്നു സുകന്യയുടെ പോസ്റ്റ് പറയാതെ പറയുന്നുണ്ട്.
സുകന്യയുടെ പോസ്റ്റ്:
ശരിക്കും പറയട്ടെ, കറുപ്പെന്ന എന്റെ കാര്വര്ണത്തെ ഞാന്‍ ഒരു പാട് വെറുത്തിരുന്നു… കറുത്ത നിറത്തിന്റെ പേരില്‍ ഒരു പാട് കളിയാക്കലുകള്‍ കുഞ്ഞുനാള് മുതലേ കേള്ക്കുന്നതിനാലാവാം . നിറത്തിന്റെ പേരില്‍ ഞാന്‍ ഒരു back stage പെര്‍ഫോര്‍മര്‍ മാത്രമായി മാറി പോയിരുന്നു ..അറിവു വെച്ച കാലം മുതല്‍ ഒരു Photo പോലും എടുക്കാന്‍ മടിയായിരുന്നു.. വളരുംതോറുംഎന്റെ ഉള്ളില്‍ അപകര്‍ഷതാബോധം ആഴത്തില്‍ വേരുന്നിയിരുന്നു.
കറുപ്പൊന്നു മാറി വെളുത്തിരുന്നെങ്കിലെന്ന് എന്തോരും ആഗ്രഹിച്ചിരുന്നു. വെളുക്കാമെന്ന വ്യാമോഹത്തില്‍ തീര്‍ന്ന എത്രയെത്ര മഞ്ഞള്‍ പൊടിയും കടലമാവും ഒറ്റമൂലികളും . എങ്കിലും ഞാന്‍ ഒരിക്കലും വെളുത്തിരുന്നില്ല. ഇനി ഒട്ടു വെളുക്കുകയുമില്ലെന്ന ഉത്തമ ബോധമുണ്ട്. കല്യാണം എന്ന കടമ്പ കടന്നു കൂടാന്‍ ഒളിഞ്ഞും തെളിഞ്ഞും കേട്ട നിറം കെട്ട എത്ര ആരോപണങ്ങള്‍ ചേര്‍ത്ത് വെച്ചു ഈ നിറത്തോട് എന്തിനിത്ര വിവേചനമെന്ന് ചിന്തിച്ചിട്ടുണ്ട്.
എന്നാല്‍ കാലം കാത്തു വെച്ചതു മറ്റൊന്നായിരുന്നു , അതിതീവ്രമായിരുന്ന ആഗ്രഹമായതിനാലാവാം ഞാനും വെളുക്കാന്‍ തുടങ്ങി , ചുണ്ടില്‍ , കണ്ണിന്റെ ഒരു കോണില്‍ തുടങ്ങി ചില ഭാഗങ്ങളില്‍ അതിസുന്ദരമായി ഞാന്‍ വെളുത്തു , വൈദ്യശാസ്ത്രം vetilago എന്നും , സാധാരണ ജനങ്ങള്‍ വെള്ള പാണ്ടെന്നും വിളിക്കുന്ന അവസ്ഥ. ഭാഗ്യത്തിനു ആ സമയം എന്റെ കല്യാണം കഴിഞ്ഞിരുന്നു , കെട്ടിയോന്റ നിര്ബന്ധന്തില് ഡോ: കണ്ടു, ഉറപ്പിക്കാനായി വീണ്ടും വീണ്ടും തിരക്കി , തെറോയിഡു മരുന്നു കഴിക്കുന്നതല്ലേ ചിലപ്പോള്‍ ഇങ്ങനെ വരാം ഡോ: ആശ്വസിപ്പിച്ചു… മരുന്ന് കഴിക്കാന്‍ തുടങ്ങി. മുന്‍പ് കറുത്തിരിക്കുന്നതിനിലാണ് ഇപ്പോള്‍ വെളുക്കാന്‍ തുടങ്ങിയതിനാന്‍ depresion ന്റെ മറ്റൊരവസ്ഥ തണ്ടേണ്ടി വന്നു ഒരോരോ അവസ്ഥകളെ ഇതിനിടയില്‍ വിരലിലെണ്ണാവുന്ന തരത്തില്‍ അവഗണനയും, ഒരിക്കല്‍ ബസില്‍ എന്റെ തൊട്ടടുത്ത് ഒരമ്മച്ചി വന്നിരുന്നു , ആദ്യം ശ്രദ്ധിച്ചിരുന്നില്ലായിരിക്കാം തിരിഞ്ഞു നോക്കി ഇരുന്നതിലും വേഗത്തില്‍ അമ്മച്ചി എന്തോ പിറുപിറുത്തു ചാടിയെഴുന്നേറ്റു മാറിയിരുന്നു .മനസ് വല്ലാണ്ട് വേദനിച്ചൊരു ദിവസമായിരുന്നു അന്ന്.
ആദ്യമായി കാരണമറിയാത്ത കുറ്റബോധവും മനസിനെ കാര്ന്ന നാള്, രാത്രി കിടക്കാന്‍ നേരം കെട്ടിയോനോട് ചോദിച്ചു എന്നെ കെട്ടിയതു അബദ്ധമാണെന്നു തോന്നുന്നുണ്ടോന്ന്, ‘എടി പെണ്ണുമ്പിളേ നിന്നെ പെണ്ണ് കാണാന്‍ വന്നപ്പോഴേ ഞാന്‍ ശ്രദ്ധിച്ചതാ നിന്റെ ചുണ്ടിലെ ചെറിയ വെളുപ്പ് , പിന്നേ വേണ്ടെന്ന് വെയ്ക്കണമെങ്കില്‍ അന്നേ ആകാമായിരുന്നു , പിന്നേ ആരു നിന്നെ കൂടെ കൊണ്ടു നടന്നില്ലെങ്കിലും ഞാന്‍ നിന്റെ കൈ പിടിച്ചു കൂടെ നടക്കുവാന്‍ ഉണ്ടാകുമെന്നു’. , പുള്ളിയുടെ ആ കൊല മാസ്സ് മറുപടിയിലാണു ഞാന്‍ പിന്നെയും ജീവിക്കാന്‍ ആഗ്രഹിച്ചതും.
ഒരു വര്‍ഷം ഓടി മറഞ്ഞു , ദൈവാനുഗ്രഹത്താല്‍ ജോലി കിട്ടി , അന്നരവും മനസില്‍ ആദ്യം വന്നത് കറുപ്പ് – വെളുപ്പഴക്കിന്റെ പേരില്‍ എന്നേ മാറ്റി നിര്‍ത്തുമോ എന്ന തോന്നലായിരുന്നു , പക്ഷേ എന്നെ കാത്തിരുന്നതു മറ്റൊരു ലോകമായിരുന്നു, ഈ നിമിഷം വരെ എന്റെ സഹപ്രവര്‍ത്തകര്‍ എന്നേ ചേര്‍ത്തു നിര്ത്തിയിട്ടുള്ളതേ ഉള്ളു.
എന്റെ കുടുംബം , ഭര്‍ത്താവിന്റെ കൂട്ടുക്കാര് അവരുടെ കുടുംബം ഒരുപാട് സ്റ്റേഹത്തോടെ ഒപ്പം നിന്നിരുന്നു. പക്ഷേ ഇന്ന് വളരെയധികം വിഷമം തോന്നിയ ഒരു സംഭവമുണ്ടായി , കുറച്ച് തിരക്കുണ്ടായിരുന്നു ട്രെയിനില്‍ , കിട്ടിയ സീറ്റില്‍ ഇരുന്നു അടുത്തിരുന്ന കുലീനയായ സ്ത്രീ എന്ന ശ്രദ്ധിച്ചതപ്പോഴാണ് , ചേര്‍ന്നിരിക്കുന്ന വഴി കൈയൊന്നു ദേഹത്ത് തട്ടി , ശ്ശേ… എന്ന് പിറുപിറുത്ത് അവര്‍ സൈഡിലോട്ട് തിരിഞ്ഞിരുന്നു, ട്രെയിന്‍ നീങ്ങുമ്പോള്‍ ഉലച്ചിലില് ചായുന്ന ദ്ദേഹം തട്ടാതിരിക്കാന്‍ അവജ്ഞ്ചയോടെ വീണ്ടും തിരിഞ്ഞിരുന്നു . പിന്നേ അവിടെ ഇരിക്കാന്‍ തോന്നിയില്ല എതിര് സീറ്റില്‍ ഇരുന്ന കൂട്ടുകാരിയോടു പോലും കാരണം പറയാതെ ഞാന്‍ അവിടുന്നു എഴുന്നേറ്റു പോയി .
ഇതൊന്നും ആരോടും പറയണമെന്നു തോന്നിയതല്ല, പക്ഷേ ഒരോന്നു കാണുമ്പോള്‍ പറഞ്ഞു പോകും . ഇത് വായിക്കുന്ന നിങ്ങളെങ്കിലും ചിന്തിക്കണം , വെറ്റിലാഗോ / വെള്ളപാണ്ട് പകരുന്ന രോഗമല്ല അടുത്തിരുന്നെന്നും പറഞ്ഞു ആര്‍ക്കും വരൂല്ല , അവജ്ഞ കാണിക്കരുത് വൃത്തികേടും കൊണ്ടല്ല ഞങ്ങള്‍ നടക്കുന്നതു… വിശാലമായ മനസ്സ് നിങ്ങളെ പോലെ ഞങ്ങള്‍ക്കുമുണ്ട് .
കരയുകയില്ലെന്നു മനസിലുറപ്പിച്ചിരുന്ന ഞാന്‍ തൊണ്ടയില്‍ കുരുങ്ങിയ തേങ്ങല്‍ അപ്പാടെ വിഴുങ്ങി .
ചേര്‍ത്തു നിര്‍ത്താന്‍ ഭര്‍ത്താവും കുടുംബവും , മനസ്സ് നിറയെയുള്ള സുഹൃത്തുക്കള്‍ ഉള്ള എനിയ്ക്കു വേണ്ടി മത്രമല്ല ഞാനിതെഴുതിയതു , ചിലപ്പോള്‍ ഈ ഭാഗ്യങ്ങള്‍ സിദ്ധിക്കാത്ത ഒരായിരം പേര്‍ക്കു വേണ്ടിയാണ് . ഒരാളുടെയെങ്കിലും മനസ്സില്‍ തട്ടി , ഒരു മാറ്റം വന്നാല്‍ അതാണെന്റെ സ്നേഹത്തിന്റെ വിജയവും
സ്നേഹത്തോടെ , സുകു
https://www.facebook.com/photo.php?fbid=3233804813358171&set=a.405007062904641&type=3
Post Your Comments