Latest NewsKeralaIndia

ഇടത് എംപിമാര്‍ രാജ്യസഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തുന്നു ; വി മുരളീധരൻ

ഇടത് എംപിമാരായ സോമപ്രസാദ്, ബിനോയ് വിശ്വം, കെ. കെ. രാഗേഷ് എന്നിവര്‍ക്ക് ജെ.എന്‍.യു, ഫാത്തിമ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുമതി ലഭിച്ചിട്ടും മനപൂര്‍വ്വം നടപടികള്‍ തടസപ്പെടുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി: ഇടത് എംപിമാര്‍ രാജ്യസഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തിയെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രികൂടിയായ വി.മുരളീധരന്‍. സഭ തടസപ്പെടുത്തി മാദ്ധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ള നടപടികളാണ് എംപിമാരുടെ ഭാഗു നിന്നുണ്ടായതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇടത് എംപിമാരായ സോമപ്രസാദ്, ബിനോയ് വിശ്വം, കെ. കെ. രാഗേഷ് എന്നിവര്‍ക്ക് ജെ.എന്‍.യു, ഫാത്തിമ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുമതി ലഭിച്ചിട്ടും മനപൂര്‍വ്വം നടപടികള്‍ തടസപ്പെടുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,

*രാജ്യസഭാ നടപടികൾ അനാവശ്യമായി തടസ്സപ്പെടുത്തിയിരിക്കുകയാണ് ഇടതു എം പി മാർ. JNU ഫാത്തിമ ലത്തീഫ് വിഷയങ്ങൾ ഉന്നയിക്കാൻ അവസരം കൊടുത്തിട്ടും സഭ മനപൂർവം തടസ്സപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്*

ജെ എൻ യൂ ഫീസ് വർദ്ധനയും ചെന്നൈ IIT വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയും ഇന്ന് രാജ്യസഭയിൽ ശൂന്യ വേളയിൽ ഉന്നയിക്കാൻ ഇടതുപക്ഷ എം പി മാർ ആയ സോമപ്രസാദ് , ബിനോയ് വിശ്വം, കെ കെ രാഗേഷ് എന്നിവർക്ക് അനുമതി ലഭിച്ചിരുന്നു.

എന്നാൽ ഇതു ഉപയോഗിക്കാതെ ഇടതു എം പി മാർ സഭയിൽ ബഹളം ഉണ്ടാക്കി.
സരോഗസി ബിൽ ഉൾപ്പെടെ ഉള്ള സുപ്രധാന വിഷയങ്ങൾ ഇന്ന് രാജ്യ സഭയുടെ പരിഗണനയിൽ ഉണ്ട്. സഭാസ്തംഭനം ഗൗരവമേറിയ പല വിഷയങ്ങളും ചർച്ച ആവാതെ പോവാൻ കാരണമാവുന്നു.

ശൂന്യ വേളയിൽ വിഷയം ഉന്നയിക്കാൻ നൽകിയ അവസരം കിട്ടിയിട്ടും അതു ഉപയോഗപ്പെടുതാതെ സഭ നടപടികൾ തടസ്സപ്പെടുത്തിയ ഇടതു എം പി മാരുടെ ഉദ്ദേശം വിഷയം ചർച്ച ചെയ്യപ്പെടുക എന്നതല്ലെന്നു വ്യക്തമാണ്. സഭ തടസ്സപ്പെടുത്തിയാൽ മാത്രമേ മാധ്യമ ശ്രദ്ധ നേടാൻ കഴിയു എന്നാണ് ഇടതു എം പി മാരുടെ നിലപാട്. രാജ്യസഭയുടെ 250 ആം സമ്മേളനമാണ് ഇന്നലെ തുടങ്ങിയത്. ആ സമ്മേളനത്തിന്റെ നിറം കെടുത്തുന്ന നടപടികളാണ്‌ ഇടതു എം പി മാരിൽ നിന്നും ഉണ്ടായത്.

എന്നാല്‍ വി.മുരളീധരന്റെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് സി.പി.എം എംപി ഇളമരം കരീം പ്രതികരിച്ചു. ഇടത് എംപിമാര്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്ക് രാജ്യസഭാ അദ്ധ്യക്ഷന്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവര്‍ ബഹളം വയ്‌ക്കുകയോ നടുത്തളത്തില്‍ ഇറങ്ങുകയോ ചെയ്‌തിട്ടില്ല. ഇതിനിടെ സഭ രണ്ടുമണിവരെ നിറുത്തിവച്ചു.

കഴിഞ്ഞ സമ്മേളനത്തില്‍ സഭാ നടപടികള്‍ ലംഘിച്ച്‌ 370-ാം ചട്ടം റദ്ദാക്കിയ ബില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ നടുത്തളത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു. പ്രക്ഷുബ്ദ്ധമായ അന്തരീക്ഷത്തിലും തങ്ങള്‍ക്കു താത്‌പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് മടിയില്ല. പ്രധാനപ്പെട്ട 2 വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇടതുപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തി എന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button