കൊല്‍ക്കത്ത: ജനിച്ച കുഞ്ഞിന് ബുള്‍ബുളെന്ന് പേരിട്ട് മാതാപിതാക്കള്‍. ബംഗാളില്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെയാണ് മിഡ്നാപുര് സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. തിങ്കളാഴ്ചയായിരുന്നു സിപ്ര എന്ന യുവതിക്ക് ഡോക്ടര്‍മാര്‍ പ്രസവതീയതി പറഞ്ഞിരുന്നത്. എന്നാല്‍ ശനിയാഴ്ചയാണ് സിപ്ര ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ശനിയാഴ്ച വൈകിട്ട് 5.20 ഓടെ സിപ്രയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചപ്പോള്‍ ഭാര്യയെ എത്രയും വേഗം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് അശോക് പറഞ്ഞു. ‘ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കാര്‍ വിളിച്ച് ഞങ്ങള്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കനത്ത മഴയും ഇരുണ്ട് മൂടിയ കാലവസ്ഥയുമായിരുന്നു അപ്പോള്‍. ഹൈവേയിലൂടെയുള്ള യാത്ര വളരെ ദുഷ്കരവുമായിരുന്നു. രാത്രി 8.20 ഓടെയാണ് ഞങ്ങള്‍ ആശുപത്രിയിലെത്തിയത്. സിപ്രയെ ഉടന്‍ തന്നെ ഓപ്പറേഷന് തിയേറ്ററിലേക്ക് കൊണ്ടുപോയി.
8.50 ഓടെയാണ് ഞങ്ങളെ ആ സന്തോഷ വാര്‍ത്ത തേടിയെത്തുന്നത്’ അശോക് പറയുന്നു. ഏതാണ്ട് ഇതേ സമയത്തായിരുന്നു ചുഴലിക്കാറ്റ് തീരത്തെത്തുന്നത്. ‘ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഭര്‍ത്താവും അച്ഛനും ചേര്‍ന്നാണ് കുട്ടിയ്ക്ക് ബുള്‍ബുള്‍ എന്ന് പേരിടാന്‍ തീരുമാനിച്ചത്. കഠിനമായ വേദനയിലായതിനാല്‍ എനിയ്ക്ക് അപ്പോള്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ എനിക്ക് ഈ ഐഡിയ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഡോക്ടര്‍ കുട്ടിയെ എന്നെ കാണിക്കുകയും പേരിനെക്കുറിച്ച് ചിന്തിച്ചിരുന്നോ എന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് സിപ്ര പറയുന്നു.
Post Your Comments