കാന്‍ബറ: വീടിന്റെ പൂന്തോട്ടത്തില്‍ നിന്നും കിട്ടിയ മൃഗത്തെ തെരുവ് നായയെന്ന് കരുതി വളര്‍ത്തി. എന്നാല്‍ പിന്നീട് സംശയം തോന്നിയ ഉടമ മൃഗാശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ശരിക്കും ഞെട്ടി. അതൊരു ചെന്നായ കുഞ്ഞായിരുന്നു. ഓസ്ട്രേലിയയുടെ വടക്കന്‍ പ്രവശ്യയില്‍ നഗരത്തിരക്കുകളില്‍ നിന്നും ദൂരെയുള്ള ഒരു വീടിന്റെ പൂന്തോട്ടത്തില്‍ നിന്നുമാണ് ഈ കാട്ടുചെന്നായ കുഞ്ഞിനെ ലഭിച്ചത്. ഡി.എന്‍.എ പരിശോധനയിലൂടെ ഓസ്ട്രേലിയില്‍ വംശനാശഭീഷണി നേരിടുന്ന ഡിങ്കോ എന്ന അപൂര്‍വയിനും കാട്ടുചെന്നായയാണെന്ന് തെളിയുകയായിരുന്നു.
ഇതോടെ ഡിങ്കോയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി ഓസ്ട്രേലിയന്‍ ഡിങ്കോ ഫൗണ്ടേഷന് രംഗത്തെത്തി. ഓസ്ട്രേലിയന്‍ ആല്‍പൈന്‍ ഡിങ്കോ എന്നറിയപ്പെടുന്ന ഗണത്തില്‍പെടുന്നതാണ് ഇപ്പോള്‍ ലഭിച്ച കുട്ടി. ഒരു കാലത്ത് നിലനിന്നിരുന്ന വേട്ടയാടല്‍ മൂലവും സര്‍ക്കാരിന്റെ തന്നെ നിയന്ത്രണ പദ്ധതികളാലും എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായ വിഭാഗമാണ് ആല്‍പൈന്‍ ഡിങ്കോകള്‍. വന്യജീവി സംരക്ഷകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഡിങ്കോ കുട്ടിയെ ലഭിച്ചത്. ഓഗസ്റ്റിലാണ് ഇതിനെ കിട്ടിയതെങ്കിലും ഇത് വന്യമൃഗമാണെന്ന് തിരിച്ചറിയുന്നതും ഇക്കാര്യം പുറം ലോകത്തെ അറിയിച്ചതും നവംബര്‍ ആദ്യ ആഴ്ചയാണ്. തല്ക്കാലം ഈ ആണ് ചെന്നായ കുട്ടിയെ ഫൗണ്ടേഷന്റെ തന്നെ നിയന്ത്രണത്തിലുള്ള വന്യജീവി സങ്കേതത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വളര്‍ന്നാല്‍ ഇതിനെ സ്വതന്ത്രമാക്കുമെന്നാണ് ഇവര്‍ പറയുന്നത്.
Post Your Comments