ലഖ്നൗ: അയോധ്യ വിധി പുറത്തുവന്നതിന് പിന്നാലെ പള്ളി പണിയുന്നതിനു വേണ്ടി ലഭിക്കുന്ന അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കണമോ എന്ന് സുന്നി വഖഫ് ബോർഡിൽ പൊരിഞ്ഞ ചർച്ച. ഇത് സംബന്ധിച്ച് നവംബർ 26ന് തീരുമാനമെടുക്കുമെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡ് വ്യക്തമാക്കി. സർക്കാർ കണ്ടെത്തി നൽകുന്ന സ്ഥലം മോസ്ക് പണിയുന്നതിനായി സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിലാണ് നവംബർ 26ന് അന്തിമതീരുമാനം. ശനിയാഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ച ഏകകണ്ഠമായ വിധിയിൽ അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്രം പണിയുന്നതിനായി വിട്ടു നൽകുന്നതായി ഉത്തരവായിരുന്നു. ഇതിനു പകരമായി സുന്നി വഖഫ് ബോർഡിന് മോസ്ക് പണിയുന്നതിന് അയോധ്യയിൽ അഞ്ച് ഏക്കർ സ്ഥലം കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കണ്ടെത്തി നൽകണമെന്നും ഉത്തരവിട്ടിരുന്നു. ആദ്യം നവംബർ 13ന് ആയിരുന്നു യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് നവംബർ 26ലേക്ക് മാറ്റുകയായിരുന്നു.
ബോർഡിന്‍റെ ജനറൽ ബോഡി മീറ്റിംഗ് നവംബർ 26ന് നടക്കും. ഈ യോഗത്തിൽ സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്ന അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിവിധ നിർദ്ദേശങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്ന് യു പി സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫറൂഖി പറഞ്ഞു.
ചിലർ, പുതിയതായി ലഭിക്കുന്ന ഭൂമി മോസ്കിനു വേണ്ടി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് സമൂഹത്തിൽ നെഗറ്റിവിറ്റി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വിധിയെ വെല്ലുവിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments