ആറ്റിങ്ങല്‍ ദേശീയപാതയില്‍ ആലംകോട് കൊച്ചുവിളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാലുപേരും തല്‍ക്ഷണം മരിച്ച വാര്‍ത്ത നാട്ടുകാരില്‍ ഒരു ഞെട്ടലായിരുന്നു. മരിച്ചവര്‍ കായംകുളം ചെട്ടികുളങ്ങര മേനോംപള്ളി അംബ ആശ്രമം മഠാധിപതി സ്വാമി ജ്ഞാനാനന്ദ യോഗി (സ്വാമി ഹരിഹര ചൈതന്യ-81), ഭാഗവത പാരായണ ആചാര്യന്‍ മാവേലിക്കര വാത്തിക്കുളം കൃഷ്ണപ്രസാദത്തില്‍ രാജന്‍ ബാബു (63), കൊല്ലം ഓച്ചിറ ചങ്ങന്‍കുളങ്ങര ഇടശ്ശേരില്‍ വീട്ടില്‍ വിമുക്തഭടന്‍ ഇ.വി. റാവു(73), മകന്‍ അനുരാഗ് (35)എന്നിവരാണ്. 80-ാം പിറന്നാള്‍ വാര്‍ഷികത്തിന് കാത്തു നില്‍ക്കാതെ കായംകുളം ചെട്ടികുളങ്ങര മേനോമ്പള്ളി അംബ ആശ്രമം മഠാധിപതി സ്വാമി ജ്ഞാനാനന്ദയോഗി വിട പറഞ്ഞത്.
ഗുരുസ്ഥാനീയനായ നെയ്യാര്‍ഡാം ശിവാനന്ദാശ്രമ സ്ഥാപകന്‍ വിഷ്ണുദേവാനന്ദ സ്വാമിയുടെ സമാധി ദിനത്തില്‍ തന്നെയാണ് ശിഷ്യനും വിടപറഞ്ഞത്. നാളെ കായംകുളത്തെ ആശ്രമത്തില്‍ ജന്മവാര്‍ഷിക ആഘോഷം നടക്കാനിരിക്കയാണ് അപകടം. 41 വര്‍ഷമായി നെയ്യാര്‍ഡാം ശിവാനന്ദാശ്രമത്തില്‍ മുടങ്ങാതെ നടക്കുന്ന ഭാഗവത സപ്താഹ യഞ്ജത്തിന് നേതൃത്വം നല്‍കിയിരുന്ന സ്വാമി ഹരിഹര ചൈതന്യയുടെ വിയോഗം അന്തേവാസികള്‍ക്കും ഞെട്ടലായി. മണിക്കൂറുകള്‍ക്ക് മുമ്പ് തങ്ങളോട് യാത്ര ചൊല്ലി ഇറങ്ങിയ സ്വാമിയുടെ വിയോഗ വാര്‍ത്ത ആദ്യം വിശ്വസിക്കാന്‍ ഇവര്‍ക്കായില്ല.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ സ്വാമി ജ്ഞാനാനന്ദയോഗി സന്യാസം സ്വീകരിച്ചിട്ട് 50 വര്‍ഷത്തോളമായി. ഹരിഹര ചൈതന്യ എന്നായിരുന്നു ആദ്യം സ്വീകരിച്ച പേര്. ദീര്‍ഘകാലം തിരുവനന്തപുരം കോട്ടയ്ക്കകം മിത്രാനന്ദപുരത്തായിരുന്നു താമസം. അഞ്ചുവര്‍ഷം മുമ്പാണ് ചെട്ടികുളങ്ങര അംബ ആശ്രമം ആരംഭിച്ചത്. തങ്കപ്പന്‍നായര്‍ എന്നാണ് പഴയ പേര്. തിരുവനന്തപുരം അഭയദാനന്ദാശ്രമവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സ്വാമി കേരളത്തിലെ വിവിധ ആശ്രമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപകടത്തില്‍ മരിച്ച മാവേലിക്കര വാത്തികുളങ്ങര കൃഷ്ണ പ്രസാദത്തില്‍ രാജന്‍ബാബു, ഓച്ചിറ ഇടശേരിയില്‍ റാവു, ഇയാളുടെ മകന്‍ അനുരാഗ് എന്നിവരും ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മരണ വാര്‍ത്ത ഓരോ കുടുംബത്തിലും ഉണ്ടാക്കിയത് വലിയ ഞെട്ടലാണ്. തന്റെ ഭാര്യയുടെ പിതാവും സഹോദരനും നാട്ടിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചുവെന്ന ദുരന്ത വാര്‍ത്ത ബഹ്റൈനിലെ റിഥം കമ്പോസര്‍ കലാകാരനായ രാജീവ് കല്ലട അറിയുന്നത് സോപാനം വാദ്യ സംഗമത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ആസ്വാദക വൃന്ദം അണിനിരന്ന രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ ഫ്യൂഷന് തൊട്ടുമുന്‍പാണ്. ബഹ്‌റൈന്‍ സോപാനം വാദ്യകലാസംഘം കൂട്ടായ്മ രൂപീകൃതമായിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ അതിവിപുലമായ പരിപാടികളായിരുന്നു വാദ്യസംഗമം 2019ല്‍. പരിപാടിയുടെ രണ്ടാം ദിനമായ ഇന്നലെ ആയിരുന്നു രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ അരങ്ങിലെത്തിയത്.
പിന്നണിയില്‍ വടകര റഫീഖിന്റെ ഓര്‍ക്കസട്രയ്ക്കൊപ്പം ആണ് റിഥം കമ്പോസര്‍ ആയിട്ടായിരുന്നു രാജീവ്. റിഹേഴ്സല്‍ പൂര്‍ത്തിയാക്കി പരിപാടി വേദിയില്‍ കയറാന്‍ തയ്യാറെടുക്കുന്നതി തൊട്ടു മുന്‍പാണ് നാട്ടില്‍ നിന്നും രാജീവിന്റെ മൊബൈല്‍ ഫോണിലേക്ക് ആ ദുരന്തവാര്‍ത്ത എത്തിയത്. ഭാര്യ അശ്വതിയെ ഇതെങ്ങനെ അറിയിക്കുമെന്ന മനോവിഷമത്തിലും പിതാവും സഹോദരനും മരിച്ച ദു:ഖത്തിലുമായിരുന്നു രാജീവ്. അശ്വതിയുടെ പിതാവാണ് മരിച്ച കൊല്ലം ഓച്ചിറ ചങ്ങന്‍ കുളങ്ങര ഇടശ്ശേരി വീട്ടില്‍ റാവു. സഹോദരന്‍ അനുരാഗും.
വാര്‍ത്തയറിഞ്ഞ് കുറച്ച് നിമിഷം സ്തബ്ധനായ രാജീവ് വേദിക്കു പിറകില്‍ സഹപ്രവര്‍ത്തകരോട് ഇക്കാര്യം സൂചിപ്പിച്ചു. നാട്ടില്‍ നിന്നും ഫോണ്‍ കോളുകള്‍ തുരുതുരാ രാജീവിന്റെ ഫോണിലേക്കു വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും ഫ്യൂഷന്‍ ആരംഭിക്കാനുള്ള സമയവും അടുത്തിരുന്നു. എങ്കിലും മനോധൈര്യം കൈവിടാതെ രാജീവ് വേദിയില്‍ കയറി പരിപാടി പൂര്‍ത്തിയാക്കി. തുടര്‍ന്ന് വീട്ടിലെത്തിയാണ് ഭാര്യയോട് ദുരന്ത വാര്‍ത്ത അറിയിച്ചത്. അനുരാഗ് അശ്വതിയുടെ ഏക സഹോദരനാണ്. ഇന്ന് രാവിലെ രാജീവും കുടുംബവും നാട്ടിലേക്ക് തിരിച്ചു.
ആറ്റിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ സംഭവസ്ഥലത്തു വെച്ചു തന്നെ നാലുപേരും മരിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നു കായംകുളത്തേക്കു പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണു ഉള്ളില്‍ കുടുങ്ങിക്കിടന്ന നാലുപേരെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് പുറത്തെടുത്തത്. നെയ്യാര്‍ഡാം ശിവാനന്ദാശ്രമത്തില്‍ ഭാഗവത സപ്താഹം കഴിഞ്ഞ മടങ്ങവേയാണ് അപകടം. അനുരാഗ് ആണു കാര്‍ ഓടിച്ചിരുന്നത്. അനുരാഗ് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസ് സൂചിപ്പിച്ചത്.
Post Your Comments