Latest NewsKeralaNews

മരുഭൂമിയില്‍ ആട്ജീവിതം നയിക്കുന്ന മലയാളി യുവാവിന്റെ മോചനത്തിനായി വീട്ടുകാര്‍ രംഗത്ത്

 

ആലപ്പുഴ: സൗദിയിലെ മരുഭൂമിയില്‍ ആട്ജീവിതം നയിക്കുന്ന യുവാവിന്റെ ജീവിതം കഥയല്ല. കൂട്ടുകാരന്റെ ബന്ധു നല്‍കിയ വിസയിലെത്തിയ യുവാവാണ് ആട് ജീവിതം നയിക്കുന്നത്. യുവാവിന്റെ മോചനത്തിനായി ഇപ്പോള്‍ ഭാര്യയും മാതാപിതാക്കളും സര്‍ക്കാറിന്റെ സഹായം തേടുകയാണ്. രണ്ടുവര്‍ഷം മുമ്പാണ് അന്‍ഷാദ് സൗദിയിലെ റിയാദിലെത്തിയത്. വീട്ടുജോലിയെന്ന് പറഞ്ഞാണ് കൂട്ടുകാരന്റെ ബന്ധു വിസ നല്‍കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ലഭിച്ചതാകട്ടെ ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലി. പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത ടെന്റില്‍ താമസം. കടുത്ത ജോലിഭാരത്തിനൊപ്പം സ്പോണ്‍സറുടെ ക്രൂരമര്‍ദനങ്ങളും. ഇതോടെ അന്‍ഷദ് പ്രാകൃതരൂപത്തിലായി. രക്ഷപ്പെടാനായി ഒരാഴ്ച മുമ്ബ് 90 കിലോമീറ്റര്‍ മരുഭൂമിയിലൂടെ നടന്ന് ഒരു പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പക്ഷേ, സ്പോണ്‍സറെ വിളിച്ചുവരുത്തി അയാള്‍ക്കൊപ്പം തിരിച്ചയക്കുകയായിരുന്നു പോലീസ്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍ഷദിന്റെ ഈ ദുരിതകഥ വിവരിക്കുന്നത് വാപ്പ ജലാലുദ്ദീനും ഉമ്മ ലൈലയും ഭാര്യ റഷീദയുമാണ്. അന്‍ഷദിനെ റിയാദില്‍നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി അവര്‍ അധികൃതരുടെ മുന്നില്‍ കേഴുകയാണ്. റിയാദിലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് ഇന്ത്യന്‍ എംബസിയിലും സൗദി അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

കടംവാങ്ങിയ എണ്‍പതിനായിരം രൂപയ്ക്ക് വിസ സംഘടിപ്പിച്ചാണ് അന്‍ഷദ് സൗദിയിലേക്ക് പോയത്. സൗദി പൗരന്റെ വീട്ടില്‍ അതിഥികള്‍ക്ക് ചായയും പലഹാരവും നല്‍കുന്ന ജോലിയാണെന്ന് വിശ്വസിപ്പിച്ചാണ് കൂട്ടുകാരന്റെ ബന്ധു വിസ നല്‍കിയത്. 2017 ഒക്ടോബര്‍ 18-നാണ് സൗദിയിലെത്തിയത്. അന്‍ഷാദ് പോകുന്ന സമയത്ത് ഭാര്യ റാഷിദ ഗര്‍ഭിണിയായിരുന്നു. മകന്‍ ഉമറുള്‍ ഫാറൂക്കിന് ഇപ്പോള്‍ രണ്ടുവയസായി. ഇതേവരെ വാപ്പ കുട്ടിയെ കണ്ടിട്ടില്ല.

താടി നീട്ടിവളര്‍ത്തിക്കണ്ടാല്‍ തിരിച്ചറിയാത്ത രൂപത്തിലാണിപ്പോള്‍ അന്‍ഷാദെന്ന് ഭാര്യ റാഷിദ പറയുന്നു. രണ്ടുവര്‍ഷമായി ശമ്പളമില്ല. സ്പോണ്‍സര്‍ കാണാതെ അന്‍ഷാദ് ഫോണില്‍ വിളിക്കുമ്പോഴാണ് വീട്ടുകാര്‍ വിവരങ്ങള്‍ അറിയുന്നത്. നാലുമാസം മുമ്പാണ് ഭാര്യയെ അവസാനമായി വിളിച്ചത്. സ്പോണ്‍സര്‍ ഫോണ്‍ പിടിച്ചുവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button