കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കോഴിക്കോട് ജില്ലാ കോടതി ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷൻ പോലീസ് ശേഖരിച്ച തെളിവുകൾ എല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞു. യുഎപിഎ നടപടിയിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്നും എഫ്ഐആറിൽ പ്രതികളെ മാവോയിസ്റ്റുകളെന്ന് പറയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചപ്പോൾ, യുഎപിഎ സാധ്യത പരിശോധിക്കാൻ രണ്ടു ദിവസം വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ലഘുലേഖ കണ്ടെത്തുന്നതോ മുദ്രാവാക്യം വിളിക്കുന്നതോ യുഎപിഎ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പിടിയിലായവർക്ക് ക്രിമിനൽ പശ്ചാത്തലമില്ല. ഇവരുടെ ഭാവി ഇല്ലാതാക്കുന്ന നടപടിയാണിത്. അതുകൊണ്ട് കോടതി ഇടപെട്ട് യുഎപിഎ റദ്ദാക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടു.
അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരണം നൽകിയിരുന്നു. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട ആവശ്യമില്ല. അറസ്റ്റിലായ അലന്റെ ബാഗിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും പുസ്തകവും, താഹയുടെ വീട്ടിൽനിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകവും കണ്ടെത്തിയിരുന്നു. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റിലായവർക്കെതിരേ പോലീസ് യുഎപിഎ നിയമം ചുമത്തിയതിൽ സർക്കാർ വ്യക്തമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലല്ല. കീഴടങ്ങാൻ വന്നവരെയല്ല പോലീസ് വെടിവച്ചു കൊന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുഎപിഎ അറസ്റ്റിനെതിരേ പ്രതിപക്ഷത്തുനിന്നും മുൻ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഉള്ളത് കൊണ്ടു മാത്രം ഒരാൾ മാവോയിസ്റ്റ് ആകുമോ ? കോടതിയുടെ പരിഗണനയിൽ ഉള്ള കേസ് പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു.
Post Your Comments