തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടികളെടുത്തു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കി നടപടി സ്വീകരിക്കാന്‍ സെപ്റ്റംബര്‍ 6ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് നിരവധി സ്ഥാപനങ്ങള്‍ പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മരുന്നുകള്‍ സംഭരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ വിപണനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു. സംസ്ഥാനത്ത് നിലവില്‍ ഇത്തരത്തില്‍ മരുന്നുകള്‍ വിതരണം ചെയ്തിട്ടുള്ള 9 വിതരണക്കാര്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 2 കമ്പനികള്‍ക്കും തമിഴ്‌നാട്ടിലെ 7 കമ്പനികള്‍ക്കുമാണ് നോട്ടീസയച്ചത്. കര്‍ശന പരിശോധനകള്‍ ഇനിയും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ജി.എസ്.ടി. നിലവില്‍ വന്നതിനെ തുടര്‍ന്ന് കേരളത്തിലെ ചില മരുന്നു വിതരണക്കാര്‍ ഇന്ത്യയിലെ പ്രമുഖ മരുന്ന് കമ്പനികളുടെ ഏറ്റവും അധികം ചെലവുളള മരുന്നുകള്‍ അംഗീകൃത വില്‍പ്പന ശൃംഖലകള്‍ വഴി വാങ്ങുന്നതിന് പകരം അന്യ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നതായാണ് ആരോപണമുയര്‍ന്നത്. ഇപ്രകാരം വാങ്ങുന്ന മരുന്നുകളുടെ ആധികാരികതയെകുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ എല്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും മരുന്നു വിതരണ സ്ഥാപനങ്ങളില്‍ അടിയന്തര പരിശേധന നടത്തി. ഇപ്രകാരമുള്ള മരുന്നുകള്‍ വിതരണം ചെയ്ത സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളില്‍ നിന്ന് കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളുടെ റിപ്പോര്‍ട്ടുകള്‍ ലഭ്യമായാലുടന്‍ തന്നെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments