വെഞ്ഞാറമൂട്: രണ്ടായിരത്തോളം പേര്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥിയ്ക്കാനും നിസ്‌കരിയ്ക്കാനും സൗകര്യമുള്ള കേരളത്തിലെ ഏറ്റവും വലിയ പള്ളി യാഥാര്‍ത്ഥ്യമായി. നിര്‍മ്മാണ വൈദഗ്ധ്യംകൊണ്ട് എല്ലാവരേയും വിസ്മയിപ്പിച്ച പേരുമല വലിയപള്ളി ഈ മാസം ഏഴിന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. 75 വര്‍ഷം പഴക്കമുണ്ടായിരുന്ന തടികൊണ്ടുള്ള പഴയ പള്ളി നിന്ന സ്ഥലത്താണ് വലിയപള്ളി പണിതിരിക്കുന്നത്. 13000 ചതുരശ്രയടി വിസ്തൃതിയുള്ള മസ്ജിദില്‍ രണ്ടായിരത്തോളംപേര്‍ക്ക് ഒരുമിച്ച് പ്രാര്‍ഥന നടത്താന്‍ സൗകര്യമുണ്ട്. പേര്‍ഷ്യന്‍ മാതൃകയിലാണ് ഇരുനില പള്ളി പണിപൂര്‍ത്തിയാക്കിയിരിക്കുന്നത്. സാധാരണ കാണപ്പെടുന്ന വൃത്താകൃതിയിലെ പള്ളി മിനാരങ്ങള്‍ക്ക് പകരം ചതുരാകൃതിയിലാണ് മിനാരങ്ങള്‍ പണിതിട്ടുള്ളത്. ഇതിന് 40 മീറ്റര്‍ പൊക്കമുണ്ട്. മൂന്ന് കൂറ്റന്‍ താഴികക്കുടങ്ങളും പണിതിട്ടുണ്ട്.
Read More : കേരളത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാമസ്ജിദ് : ഐതിഹ്യവും ചരിത്രവും
മസ്ജിദിന് സമീപത്തായി അംഗശുദ്ധി വരുത്താന്‍ ദീര്‍ഘവൃത്താകൃതിയില്‍ സ്‌നാനകേന്ദ്രവും പ്രത്യേകമായി പണിതിട്ടുണ്ട്. പള്ളിക്കകത്ത് മതിയായ സൂര്യപ്രകാശം ലഭിക്കുന്ന തരത്തിലാണ് നിര്‍മാണം.
മുഖ്യപുരോഹിതന്റെ പ്രസംഗപീഠവും ദര്‍ബാറും ഉള്‍പ്പെടെ എല്ലാം തേക്കിലാണ് തീര്‍ത്തിരിക്കുന്നത്. തറയില്‍നിന്ന് മസ്ജിദിന്റെ മിനാരംവരെ പതിക്കുന്ന ഫ്‌ലഡ് ലൈറ്റുകളും മറ്റൊരു പ്രധാന ആകര്‍ഷണമാണ്. വാഹന പാര്‍ക്കിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്. തറയോട് പാകിയ വിശാലമായ മുറ്റത്തിന്റെ മുന്‍ഭാഗത്ത് ആകര്‍ഷകമായി പുല്‍ത്തകിടിയും ഉദ്യാനവും പണിതിട്ടുണ്ട്. മസ്ജിദിന്റെ രണ്ടാം നിലയിലേക്കു കയറിപ്പോകുന്നതിന് ലിഫ്റ്റ് സൗകര്യമുണ്ട് .
ആയിരത്തോളം കുടുംബങ്ങള്‍ ഉള്ള ജമാഅത്തിലെ അംഗങ്ങളില്‍നിന്നും വിശ്വാസികളില്‍നിന്നുമായി സമാഹരിച്ച പണംകൊണ്ടാണ് മസ്ജിദ് പണി പൂര്‍ത്തിയാക്കിയത്. 3.20 കോടിയോളം രൂപ ചെലവിട്ടാണ് മനോഹരമായ വലിയ വലിയപള്ളി യാഥാര്‍ഥ്യമാക്കിയത്.
Post Your Comments