Life Style

കുട്ടികളുടെ ലഞ്ച്- സ്‌നാക്‌സുകള്‍ ഇങ്ങനെ തയ്യാറാക്കി നോക്കൂ.. ഒരു തരി പോലും മിച്ചം വയ്ക്കില്ല

പല അമ്മമാരുടേയും പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് സ്‌നാക്‌സും ലഞ്ചിനും എന്ത് കൊടുത്തുവിടുമെന്നുള്ളത്. മോള്‍ അല്ലെങ്കില്‍ മോന്‍ സ്‌കൂളിലേയ്ക്ക് കൊണ്ടുപോകുന്നത് ഒന്നു കഴിയ്ക്കുന്നില്ല എന്നാണ് പലരുടേയും പ്രശ്‌നം. ഇതൊഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

പല സ്‌കൂളുകളിലും, ചോറുതന്നെ കൊണ്ടുപോകണം എന്ന നിര്‍ബന്ധമുണ്ട്. കുഞ്ഞിന് ഇഷ്ടമെങ്കില്‍ പ്രാതല്‍ വിഭവങ്ങള്‍ തന്നെ ഉച്ചയ്ക്കും കൊടുത്തുവിടാം. കൊച്ചു കുട്ടികള്‍ക്കാണെങ്കില്‍ ഒന്നോ രണ്ടോ ഇഡ്ഡലിയോ ദോശയോ ഒപ്പം കറിയോ കൊടുത്തുവിടാം. കുട്ടികളുടെ ലഞ്ച് ബോക്‌സുകള്‍ ആരോഗ്യകരവും രുചിമയവുമാക്കാന്‍ ഒരുപാടു കുഞ്ഞുകുഞ്ഞു വഴികളുണ്ട്. അവയെ തേടിപ്പോകണമെന്നേയുള്ളൂ.

സ്ഥിരം ദോശയെ ഒന്നു മാറ്റിപ്പിടിച്ച് ഇത്തിരി മുളപ്പിച്ച ചെറുപയര്‍ കൂടി ചേര്‍ക്കാം. എന്നും ചേര്‍ക്കുന്ന ഉഴുന്നിന് അല്‍പം വിശ്രമം കൊടുക്കാം. ദോശയുടെ നിറവും മാറും, രുചിയുംകൂടും. ഇതിനു മുകളില്‍ പച്ചക്കറികള്‍ ചെറുതായി ഗ്രേറ്റ് ചെയ്തു ടോപ്പിങ്ങും കൊടുക്കാം. ചപ്പാത്തിക്കൊപ്പവും മുളപ്പിച്ച പയര്‍ ചേര്‍ക്കാം. ചപ്പാത്തിമാവില്‍ പച്ചക്കറികള്‍ നുറുക്കി ചേര്‍ക്കാം. രണ്ടു ചപ്പാത്തികള്‍ക്കിടയില്‍ ഇവ വച്ചു ഫില്ലിങ് ഉണ്ടാക്കുകയുമാകാം. നോണ്‍വെജ് പ്രിയമുള്ളവര്‍ക്കായി വേവിച്ച മല്‍സ്യമോ മാംസമോ ഇതിനൊപ്പം മിന്‍സ് ചെയ്തു ചേര്‍ക്കാം.

പാലക് ചീര, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയവ ചേര്‍ത്താല്‍ വൈറ്റമിനുകളും ധാരാളം കിട്ടും. . പാലക് ചീര തലച്ചോറിന്റെ വികാസത്തിന് ഏറെ ഗുണം ചെയ്യും. ബീറ്റ്‌റൂട്ടിലും ക്യാരറ്റിലും ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്.

ഇഡ്ഡലിയുണ്ടാക്കുമ്പോള്‍ മുകളില്‍ ഒരുകഷണം തക്കാളിവയ്ക്കാം. ഇവയിലും പച്ചക്കറികള്‍ അരിഞ്ഞു ചേര്‍ക്കാം. ഉപ്പുമാവിലും ഇതുപോലെ ധാരാളം വെറൈറ്റികള്‍ പരീക്ഷിക്കാം. ചപ്പാത്തിയും ദോശയുമൊക്കെ കൊടുത്തുവിടുമ്പോള്‍ വൃത്തിയുള്ള നേര്‍ത്ത കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞു ലഞ്ച് ബോക്‌സില്‍ വയ്ക്കുക. മൃദുത്വവും പുതുമയും നഷ്ടപ്പെടില്ല. ചപ്പാത്തിയിലും പച്ചക്കറികള്‍ വഴറ്റുന്നതിലുമൊക്കെ നെയ് ചേര്‍ക്കുന്നതും നല്ലതാണ്. രുചിയും ആരോഗ്യവും കൂടും.

ഇനി ചോറുതന്നെ കൊടുത്തുവിടണം എന്നു നിര്‍ബന്ധമെങ്കില്‍ ഇടയ്ക്കു ബസുമതി അരി പരീക്ഷിക്കാം. പച്ചക്കറികളും സോയയുമൊക്കെ ചേര്‍ത്തു പലതരം പുലാവുകള്‍ ഉണ്ടാക്കാം. വെജിറ്റബിള്‍ ബിരിയാണിയും കുട്ടികള്‍ ഇഷ്ടപ്പെടും.

തക്കാളിചേര്‍ത്തും നാരങ്ങാനീരു ചേര്‍ത്തുമൊക്കെ വൈറൈറ്റി റൈസ് ഉണ്ടാക്കാം. ഇതിനൊപ്പം വെജിറ്റബിള്‍ കറിയും ഒരു മുട്ടയും കൊടുക്കാം. സസ്യാഹാരികള്‍ക്കു പയര്‍ വര്‍ഗങ്ങള്‍ പുഴുങ്ങിയതും കൊടുക്കാം. കഴുകി വാര്‍ത്ത ബസുമതി അരി ഒന്നു വറുത്തെടുത്തു മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും വറുത്ത കപ്പലണ്ടിയും ചേര്‍ത്താല്‍ ലെമണ്‍ റൈസായി. ഇതിനുപകരം തക്കാളി ചേര്‍ത്താല്‍ ടൊമാറ്റോ റൈസും. രുചി കൂട്ടാന്‍ കറുവപ്പട്ട, ഗ്രാമ്പൂ തുടങ്ങിയവ ചേര്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button