തിരുവനന്തപുരം: വാളയാർ കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേസിൽ തെളിവെടുപ്പിനായി വന്ന ദേശീയ ബാലാവകാശ കമ്മിഷൻ അംഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സർക്കാർ ഒരുക്കിയില്ല. കമീഷൻ എത്തിയപ്പോൾ ഉദ്യോഗസ്ഥർ പോലും വിട്ടുനിന്നു. കുട്ടികളുടെ മാതാപിതാക്കളെ തെളിവെടുപ്പിൽ നിന്ന് വിട്ടുനിർത്താനായി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്നും കുമ്മനം വിമർശിച്ചു.
എന്തുകൊണ്ടാണ് സിപിഎം നേതാക്കൾ പരസ്യമായി പ്രതികരിക്കാത്തതെന്നും, മുഖ്യമന്ത്രി എങ്ങനെയാണ് അസ്വാഭാവിക മരണം എന്നും ആത്മഹത്യ എന്നും പറയുന്നതെന്നും കുമ്മനം ചോദിച്ചു. വാളയാർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പോലീസുകാരെ സസ്‌പെൻഡ് ചെയ്യണം. കുറ്റക്കാരെ രക്ഷപെടുത്തുന്ന രീതിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ലെന്നും വിഷയത്തിൽ നാളെ (നവംബർ ഒന്നിന്) സെക്രട്ടേറിയേറ്റ് പടിക്കൽ ബിജെപിയുടെ ഉപവാസ സമരം ആരംഭിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
അതേസമയം അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലും കുമ്മനം പ്രതികരിച്ചു. സിപിഐയുടെ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്. സംഭവത്തിൽ ഏറെ ദുരൂഹത നിഴലിക്കുന്നു. നടന്ന കാര്യങ്ങൾ സർക്കാർ ജനങ്ങളോട് തുറന്ന് പറയണം. ഇതേക്കുറിച്ചു അന്വേഷണം നടത്തണം. ആരെയും ഏകപക്ഷീയമായി വെടിവച്ചു കൊല്ലുന്നതിനോട് യോജിപ്പില്ലെന്നും ഭരണകക്ഷിയുടെ ആരോപണങ്ങൾ മുഖ്യമന്ത്രി മറുപടി നൽകണമെന്നും കുമ്മനം വ്യക്തമാക്കി.
Also read : മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്ന് എം ടി രമേശ്
Post Your Comments