Latest NewsKeralaNews

ന്യൂനമർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത

ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടത് 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരള ലക്ഷദ്വീപ് തീരത്തിനിടയിൽ കടൽ വരും മണിക്കൂറുകളിൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. കേരളതീരത്തും കന്യാകുമാരി- മാലദ്വീപ് ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോയവർ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തണം. തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ (24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ) ശക്തമായതോ (24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ) ആയ മഴക്കുള്ള സാധ്യതയുണ്ട്. ഒക്ടോബർ 29, 30 തീയതികളിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലീമീറ്റർ വരെ) അതിശക്തമായതോ (115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

Read also: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ് :. നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

29ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും 30ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലും 31 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തിൽ പൊടുന്നനെയുണ്ടാകാൻ സാധ്യതയുള്ള മിന്നൽ പ്രളയങ്ങളും വെള്ളക്കെട്ടും പ്രതീക്ഷിക്കണം. കേരളത്തിലെ മുഴുവൻ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ടകാര്യ നിർവഹണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 1077 ബന്ധപ്പെടണം. കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കുന്ന മുറയ്ക്ക് അലർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button