തിരുവനന്തപുരം: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന്, സംസ്ഥാനത്ത് മൂടിയില്ലാതെ തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകളുടെ മുഖഭാഗം മൂടാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 5 വര്‍ഷക്കാലം കൊണ്ട് കേരളത്തില്‍ ഭൂജല വകുപ്പ് നിര്‍മിച്ചത് 8259 കുഴല്‍ക്കിണറുകളാണ്. സ്വകാര്യ ഏജന്‍സികള്‍ കുഴിച്ച കുഴല്‍ക്കിണറുകളുടെ കണക്ക് വകുപ്പിലില്ല. അതേസമയം സംസ്ഥാനത്ത് മൂടിയില്ലാതെ തുറന്നു കിടക്കുന്ന കുഴല്‍കിണറുകളില്ലെന്നാണ് റിപ്പോർട്ട്. എന്നാലും ജാഗ്രത പാലിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. എല്ലാ ജില്ലകളിലും പരിശോധന നടത്തി കുഴല്‍ക്കിണറുകള്‍ തുറന്നു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വ്യവസായ വകുപ്പിനും ഭൂജല-തദ്ദേശ വകുപ്പുകള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി കത്തു നല്‍കും.
കേരള കെട്ടിട നിര്‍മാണചട്ടപ്രകാരം സംസ്ഥാനത്ത് കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ പെര്‍മിറ്റും ഭൂജല വകുപ്പിന്റെ ക്ലിയറന്‍സും നിര്‍ബന്ധമാണ്. ഭൂജലവകുപ്പ് മുഖേന അല്ലാതെ പ്രൈവറ്റ് ഏജന്‍സികള്‍ക്ക് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനു ഭൂതല അതോറിറ്റിയുടെ റജിസ്ട്രേഷന്‍ ആവശ്യമാണ്. ഇതെല്ലാം കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Post Your Comments