KeralaLatest NewsNews

ഒടുവില്‍ ഭാഗ്യദേവത തേടിയെത്തി; ഓട്ടോറിക്ഷാ തൊഴിലാളിക്ക് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനം

പുല്‍പള്ളി: മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കും ഓട്ടോറിക്ഷയുടെ ലോണ്‍ അടച്ചു തീര്‍ക്കുന്നതിനും എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്ക ഇനി ബിജുവിന് വേണ്ട.
സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ലോട്ടറിയിലൂടെയാണ് ബിജുവിനെ തേടി ഭാഗ്യദേവതയെത്തിയത്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് പുല്‍പ്പള്ളി കൊളവള്ളി ആദിവാസി കോളനിയിലെ ബിജു (38)വിന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. അദ്ദേഹം വാങ്ങിയ ആര്‍.എച്ച്. 811988 എന്ന ലോട്ടറി ടിക്കറ്റാണ് സമ്മാനത്തിനര്‍ഹമായത്.

വര്‍ഷങ്ങളായി ബിജു സ്ഥിരം ലോട്ടറിയെടുക്കാറുണ്ട്. ഞായറാഴ്ചയും പതിവുപോലെ ടിക്കെറ്റെടുത്തു. രാവിലെ എട്ടുമണിയോടെയാണ് ലോട്ടറിക്കച്ചവടക്കാരനായ മാധവന്റെ കൈയില്‍നിന്ന് ബിജു രണ്ട് ടിക്കറ്റുകള്‍ വാങ്ങിയത്. ഒരേ നമ്പറിലുള്ള ടിക്കറ്റ് ആയതിനാല്‍ തന്നെ സമാശ്വാസസമ്മാനമായ 8000 രൂപയും അദ്ദേഹത്തിന് ലഭിച്ചു. മൂന്ന് മക്കളുടെയും വിദ്യാഭ്യാസ ചിലവുകള്‍ക്കായി ഈ തുക നീക്കിവെക്കാനാണ് ബിജു തീരുമാനിച്ചിരിക്കുന്നത്. സമ്മാനത്തുക കൊണ്ട് എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് അത് മക്കളുടെ വിദ്യാഭ്യാസത്ത് തന്നെയാണെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ കൂടി അദ്ദേഹം പറഞ്ഞു.

ALSO READ: സംസ്ഥാന ലോട്ടറിയുടെ മറവില്‍ എഴുത്ത് ലോട്ടറി വീണ്ടും വ്യാപകമാകുന്നു

ദാരിദ്ര്യവും സാഹചര്യങ്ങളും മൂലം ബിജുവിന് പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാല്‍, തനിക്കുണ്ടായ ഗതി ഒരിക്കലും മക്കള്‍ക്കുണ്ടാകരുതെന്ന ആഗ്രഹമാണ് അദ്ദേഹത്തിന്. തന്റെ മക്കളെ പരമാവധി നന്നായി പഠിപ്പിക്കണമെന്നു തന്നെയാണ് തീരുമാനം. സീതാമൗണ്ട് ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന പണമത്രയും മക്കളുടെ വിദ്യാഭ്യാസത്തിനായാണ് ബിജു സ്വരുക്കൂട്ടി വെയ്്ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഓട്ടോ ഓടിച്ചാണ് ബിജു കുടുംബം പുലര്‍ത്തുന്നത്. ഇതിന് മുന്‍പ് കൂലിപ്പണിയായിരുന്നു. ഓട്ടോറിക്ഷയ്ക്കായി എടുത്ത വായ്പയും സമ്മാന തുക ഉപയോഗിച്ച് അടച്ചുതീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജു. ബിജുവിന്റെ മക്കളായ ലിബിന്‍ പത്താംക്ലാസിലും ലിതിന്‍ ആറാംക്ലാസിലും ലിജിത ഒന്നാംക്ലാസിലുമാണ് പഠിക്കുന്നത്. ലീലയാണ് ഭാര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button