
ദോഹ : ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങള്‍ മരിക്കാനുള്ള കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരണം. എന്നാല്‍ മരണം സംഭവിച്ചത് കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച്ച രാവിലെയോടെയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിനെയും കുടുംബത്തെയും ശ്വാസതടസ്സവും ഛര്‍ദ്ദിയും മൂലം ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിച്ചത്.
ഇവരുടെ മക്കളായ ഏഴ് മാസം മാത്രം പ്രായമുള്ള റിദ ഹാരിസ്, മൂന്നരവയസ്സുള്ള റഹാന് ഹാരിസ് എന്നിവര്‍ മരിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അടിയന്തിര വിഭാഗത്തിലെ മെഡിക്കല്‍ സംഘം നടത്തിയ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. കീടനാശിനിയുടെയോ രാസവസ്തുക്കളുടെ സാനിധ്യമാണ് മരണകാരണമെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
സംഭവം ഉണ്ടാകുന്നതിന്റെ തലേദിവസം ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ തൊട്ടടുത്തുള്ള ഫ്‌ലാറ്റില്‍ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് പ്രയോഗിച്ചിരുന്നു. ഇത് എ.സി വഴി ഇവരുടെ റൂമിലെത്തുകയും ഇത് ശ്വസിച്ചാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണം നടന്ന ഉടന്‍ തന്നെ സാംക്രമികരോഗ അന്വേഷണവിഭാഗത്തിന്റേയും വിഷചികില്‍സാ കമ്മീഷന്റെയും നേതൃത്വത്തില്‍ കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണം നടത്തിയിരുന്നു. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ് തിരുന്നു. ഇതില്‍ നിന്നാണ് മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് തെളിഞ്ഞത്. കുടുംബം വ്യാഴാഴ്ച രാത്രി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഇതോടെയാണ് ഭക്ഷ്യവിഷബാധയാണോ എന്ന സംശയം ഉയര്‍ന്നത്. കുഞ്ഞുങ്ങളുടെ മൃതദേഹം ചൊവ്വാഴ്ച ഖത്തറില്‍ ഖബറടക്കും
Post Your Comments