കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പ്രതി ജോളി വ്യാജ വില്‍പത്രം ഉണ്ടാക്കി സ്വത്ത് തട്ടിയെടുത്ത സംഭവത്തില്‍ ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ സി ബിജു. ഉടമസ്ഥരല്ലാത്തവരുടെ പേരില്‍ നികുതി സ്വീകരിച്ചുവെന്നാണ് പ്രധാന കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയില്‍ നിന്നു മൊഴിയെടുത്തിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം ഡെപ്യൂട്ടി കളക്ടറും കളക്ടറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പിന്നാലെ ജയശ്രീയേയും കളക്ടര്‍ ആര്‍ സാംബശിവറാവു ചേംബറിലേക്ക് വിളിച്ചു വരുത്തി. 15 മിനിറ്റോളം ആ കൂടിക്കാഴ്ചയും നീണ്ടു നിന്നു. തനിക്ക് പറയാനുള്ളതെല്ലാം ഡെപ്യൂട്ടി കലക്ടറോട് പറഞ്ഞുവെന്നായിരുന്നു ജയശ്രീയുടെ പ്രതികരണം.
ജോളിക്ക് ടോം തോമസിന്റെ ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിലെ കുറ്റക്കാര്‍ ആരാണെന്നുള്ള റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം കലക്ടര്‍ക്ക് കൈമാറും. നാളെ കൂടത്തായി വില്ലേജിലെ മുന്‍ വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ളവരുടെ മൊഴി ഡെപ്യൂട്ടി കലക്ടര്‍ രേഖപ്പെടുത്തും. റിപോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്നാണ് വിവരം.
വ്യാജ വില്‍പത്രം ഉപയോഗിച്ച് പൊന്നാമറ്റം വീടും പുരയിടവും സ്വന്തം പേരിലേക്ക് മാറ്റിയ ജോളി ഒരു തവണ നികുതിയടയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, സ്വത്ത് മാറ്റിയ വില്‍പത്രം വ്യാജമാണെന്ന് കാണിച്ച് ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരങ്ങളായ റെഞ്ചിയും റോജോയും നല്‍കിയ പരാതിയില്‍ വില്ലേജ് ഓഫീസ് അന്വേഷണം നടത്തി. ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ വില്ലേജോഫീസിലില്ല. കാണാനില്ലെന്നാണ് പറയുന്നത്
Post Your Comments