Life StyleFood & Cookery

ഉച്ചയൂണിന് തയ്യാറാക്കാം മുരിങ്ങയില കൊണ്ട് ഒരു കിടിലന്‍ കറി

ഇലക്കറികള്‍ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇലക്കറികളില്‍ കേമന്‍ മുരിങ്ങയില തന്നെയാണ്. കണ്ണിന്റെ കാഴ്ചയ്ക്ക് മുരിങ്ങയില ഗുണം ചെയ്യും എന്നകാര്യം ആധുനിക വൈദ്യശാസ്ത്രം വരെ അംഗീകരിച്ച കാര്യമാണ്. എന്നാല്‍ ഇത് മാത്രമല്ല മുരിങ്ങയിലയുടെ ഗുണം. ഇതില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും മുരിങ്ങയില സഹായിക്കും. ഇതാ മുരിങ്ങയില കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു കറി.

ചേരുവകള്‍

മുരിങ്ങയില (ഇല അടര്‍ത്തിയെടുത്തത്) – 1 കപ്പ്
ചുവന്നുള്ളി (ചെറുതായി അരിഞ്ഞത്) – 7-8 അല്ലി
തേങ്ങ (ചിരകിയത്) – ഒന്നര കപ്പ്
പരിപ്പ് (കുതിര്‍ത്തത്) -കാല്‍ കപ്പ്
കുതിര്‍ത്ത അരി – 2 സ്പൂണ്‍
വെളിച്ചെണ്ണ – 4 സ്പൂണ്‍
ജീരകം – 1 സ്പൂണ്‍
കടുക് – അര സ്പൂണ്‍
മഞ്ഞള്‍പൊടി – അര സ്പൂണ്‍
വറ്റല്‍മുളക് -2 എണ്ണം
വെളുത്തുള്ളി – 4 അല്ലി
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പരിപ്പിലേക്ക് രണ്ടോ മൂന്നോ ചുവന്നുള്ളി കീറിയിട്ട് വേവിച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, കുതിര്‍ത്ത അരി, മഞ്ഞള്‍പൊടി ഇവ നല്ലപോലെ അരച്ച് എടുക്കുക.

ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു കടുകും വറ്റല്‍മുളകും ഇട്ടു വഴറ്റുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ ഇതിലേക്ക് മുരിങ്ങയില കൂടിയിട്ടു വഴറ്റുക. നേരത്തേ വേവിച്ചു വച്ചിരിക്കുന്ന പരിപ്പിലേക്ക് തേങ്ങ അരച്ചതും ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇത് വഴറ്റിയ മുരിങ്ങയിലയിലേക്ക് ഒഴിക്കുക.

നല്ലതുപോലെ പതഞ്ഞു വരുമ്പോള്‍ വാങ്ങി വെക്കുക. ഇത് തിളക്കരുത്, തിളച്ചു പോയാല്‍ രുചി കുറയും. ഇനി, മറ്റൊരു പാനില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ഇട്ട് വഴറ്റുക. ചുമന്നുള്ളി സ്വര്‍ണനിറം ആകുന്നതു വരെ വഴറ്റി കറിവേപ്പിലയും ചേര്‍ത്ത് വാങ്ങി വെച്ചിരിക്കുന്ന കറിക്ക് മുകളില്‍ ഒഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button