കൊല്ലം: കൊല്ലം പാരിപ്പള്ളിയിലെ നാല് വയസ്സുകാരിയുടെ മരണം കടുത്ത ന്യൂമോണിയയും മസ്തിഷ്ക ജ്വരവും മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയില്‍ പാരിപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാല്‍ ദിയയുടെ യഥാര്‍ത്ഥ മരണകാരണം സ്ഥിരീകരിക്കപ്പെട്ടതോടെ അമ്മ രമ്യയോട് മാപ്പ് പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ നിറയുകയാണ്.
ഇന്നലെ രാവിലെയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രയില്‍ അതീവ ഗുരുതരമായ നിലയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ബോധമറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. വായില്‍ നിന്നും രക്തം വന്നിരുന്നു. അസ്വാഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതര്‍ പാരിപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് കുട്ടിയുടെ നില മോശമായതിനാല്‍ വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ജയിലില്‍ ഉറങ്ങാതെ, അലറിവിളിച്ച് ജോളി , പോലീസ് നിരീക്ഷണം ശക്തമാക്കി
യാത്രക്കിടെ കഴക്കൂട്ടത്ത് വച്ച് കുട്ടിയുടെ നില വീണ്ടും മോശമായപ്പോള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചിരുന്നു. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോള്‍ രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചത്. ദിയയുടെ മരണവിവരമറിഞ്ഞ് കുട്ടിയുടെ അച്ഛന്‍ ദിപു കുഴഞ്ഞു വീണിരുന്നു.
അതീവഗുരുതരമായ ആരോഗ്യനിലയിലായിരുന്നു കുഞ്ഞെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. കാലിലേറ്റ അടി മരണകാരണമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മസ്തിഷ്ക ജ്വരം മൂലമാവാം കുട്ടി രക്തം ഛര്‍ദ്ദിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ന്യൂമോണിയയും മസ്തിഷ്കജ്വരവും ചേര്‍ന്ന് വളരെ മോശം ആരോഗ്യസ്ഥിതിയിലായിരുന്നു കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ദിയയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
കുഞ്ഞിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം നോട്ടീസ് നല്‍കി കുട്ടിയുടെ മാതാപിതാക്കളെ വിട്ടയക്കുമെന്ന് പാരിപ്പള്ളി പൊലീസ് അറിയിച്ചു. അതേസമയം കുട്ടിയെ അടിച്ചതിന് അമ്മയ്ക്ക് എതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
Post Your Comments