KeralaLatest NewsNews

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍; പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറം: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യം അടക്കമുള്ള മാലിന്യങ്ങള്‍ കലരുന്നതായി പരാതി. മലപ്പുറം പൊന്നായിലാണ് സംഭവം. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിസര്‍ജ്യ മാലിന്യമടക്കമുള്ളവ കുടിവെള്ളത്തില്‍ കലരുന്നുണ്ടെന്ന പരാതിയുമായാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

തവനൂര്‍ നരിപ്പറമ്പിലെ ഭാരതപ്പുഴയില്‍ നിന്നാണ് പൊന്നാനിയിലും പരിസര പ്രദേശങ്ങളിലേക്കും വര്‍ഷങ്ങളായി കുടിവെള്ളം വിതരണം ചെയ്യുന്നത്. ബ്ലീച്ചിംഗ് പൗഡറിട്ട് ശുദ്ധീരിക്കുന്നതല്ലാതെ മറ്റ് ശാസ്ത്രീയ രീതിയിലുള്ള കുടിവെള്ള ശുദ്ധീകരണം ഇവിടെ നടത്തുന്നില്ല. കുടിവെള്ളത്തില്‍ മാലിന്യം പതിവായതോടെ കഴിഞ്ഞ വര്‍ഷം ഇവിടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി എഴുപത്തിനാല് കോടിരൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നരിപ്പറമ്പില്‍ നടന്നുവരികയാണ്. ഈ ജോലിയുമായി ബന്ധപ്പെട്ട് ഏകദേശം അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറികള്‍ കുടിവെള്ള പദ്ധതിയോട് ചേര്‍ന്നാണ് നിര്‍മ്മാണ കമ്പനി ഉണ്ടാക്കി നല്‍കിയിരിക്കുന്നതെന്നും ഇവിടെ നിന്നുള്ള മാലിന്യവും ഇപ്പോള്‍ കുടിവെള്ളത്തില്‍ കലരുന്നുണ്ടെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

എന്നാല്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് സുരക്ഷിത അകലം പാലിച്ചാണ് ശുചി മുറികള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് വാട്ടര്‍ അതോറിട്ടി നല്‍കുന്ന വിശദീകരണം. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button