Latest NewsKeralaNews

എന്തിനാണ് സ്വര്‍ണപ്പണിക്കാര്‍ സയനൈഡ് ഉപയോഗിക്കുന്നത്? അറിയാം ഇക്കാര്യങ്ങള്‍

കോഴിക്കോട് കൂടത്തായിലെ ദുരൂഹമണങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് സയനൈഡ്. ഭര്‍ത്താവിനെയും മാതാപിതാക്കളെയും മറ്റ് മൂന്ന് ബന്ധുക്കളെയും കൊലപ്പെടുത്താന്‍ യുവതി ഉപയോഗിച്ചത് സയനൈഡായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് ജ്വല്ലറി ജീവനക്കാരനായ ബന്ധുവാണ്. എന്താണ് സയനൈഡും ആഭരണ നിര്‍മ്മാണവും തമ്മിലുള്ള ബന്ധം?

അതിമാരക വിഷമായ സയനൈഡ് ആഭരണ നിര്‍മാണ മേഖലയിലെയും സ്വര്‍ണ ഖനന മേഖലയിലെയും പ്രധാന അസംസ്‌കൃത വസ്തുവാണ്. അതിനാല്‍ തന്നെ ആഭരണ നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്കാണ് ഇത് ലഭിക്കാന്‍ ഏറെ സാധ്യതയുള്ളത്. സ്വര്‍ണഖനികളിലാണ് സയനൈഡിന്റെ ഉപയോഗം കൂടുതലുള്ളത്. സ്വര്‍ണ അയിരില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാണ് സയനൈഡിന്റെ പ്രധാന ഉപയോഗം. സയനൈഡ് കലര്‍ത്തിയ വെള്ളത്തില്‍ അയിരിട്ട് അതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയും. അതിനാല്‍ തന്നെ സ്വര്‍ണഖനികളിലാണ് ഈ പ്രവൃത്തി കൂടുതല്‍ ചെയ്യുന്നത്. സയനൈഡസേഷന്‍ എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുന്നത്. ഇലക്ട്രേ പ്ലേറ്റിംഗിനും സയനൈഡ് ഉപയോഗിക്കും.

സാധാരണയായി ആഭരണ നിര്‍മ്മാണ മേഖലയിലുള്ളവരാണ് സയനൈഡ് ഉപയോഗിക്കുന്നത്. സ്വര്‍ണത്തിന് മഞ്ഞനിറവും തിളക്കവും വരുത്താനാണ് ഇവര്‍ ഇത് ഉപയോഗിക്കുക. എന്നാല്‍ ഇവര്‍ ഉപയോഗിക്കുന്നത് മാരക വിഷമായ പോട്ടാസ്യം സയനൈഡ് അല്ല. ഹൈഡ്രോ സയനിക് ആസിഡാണ് സ്വര്‍ണ്ണപ്പണിക്കാര്‍ ഉപയോഗിക്കുക. സാധാരണയായി എല്ലാവര്‍ക്കും ഈ രാസവസ്തു ലഭിക്കാറില്ല. ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് ഇത് വില്‍ക്കാനും വാങ്ങാനുമുള്ള അനുമതി ലഭിക്കുക.

അതീവ ജാഗ്രതയോടെയാണ് സയനൈഡ് കൈമാറ്റം നടക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനാണ് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇത് കൈമാറ്റം ചെയ്യൂ. അതിനാല്‍ തന്നെ മാരക വിഷമായിരുന്നിട്ട് കൂടി സയനൈഡ് ഉപയോഗിച്ചുള്ള ആത്മഹത്യയും കൊലപാതകവും വളരെ അപൂര്‍വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ. മാരക വിഷമാണെങ്കിലും സയനൈഡ് വന്‍ വിലയുള്ള ഒരു വസ്തുവല്ല. ഏകദേശം കിലോക്ക് 1000 രൂപ മാത്രമേ സയനൈഡിന് വിലയുള്ളൂ. 70 കിലോ ഭാരമുള്ള ഒരാളെ കൊലപ്പെടുത്താന്‍ 125 മില്ലി ഗ്രാം സയനൈഡ് മതിയാകും. ഇത് ഉള്ളില്‍ ചെന്നാല്‍ ആ വ്യക്തി നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചുവീഴും. വായില്‍ നിന്നും നുരയും പതയും ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button